ന്യൂയോർക്ക്∙ ഒക്ടോബർ 2ന് ഫൊക്കാനാ പ്രസിഡന്റ് രാജൻ പടവത്തിലിന്റെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 152–ാം ജന്മദിനവും ലോക അഹിംസാദിന ആചരണവും ആഘോഷിച്ചു. ജിനു ബോസി േജക്കബിന്റെ പ്രാർഥനാ ഗാനത്തോടെ രാത്രി കൃത്യം 8.30 ന് ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് നൃത്തവും പാട്ടും പാഷൻ ആക്കിയ ലക്ഷ്മി ഹരിദാസിന്റെ ഭക്തിനിർഭരമായ ഇന്ത്യൻ ദേശീയഗാനവും ടീച്ചറും കോർണർ സ്റ്റോൺ മയാമിയുടെ ഡയറക്ടറുമായ ഷാറൻ ഏബ്രഹാമിന്റെ അമേരിക്കൻ ദേശീയ ഗാനത്തോടെയാണ് ആഘോഷങ്ങളുടെ തിരശ്ശീല ഉയർന്നത്.

രാഷ്ട്രപിതാവായ മഹാത്മജിയുടെ ഇഷ്ടഗാനമായ സാരേ ജഹാംസേ അഛാ എന്ന ദേശഭക്തി ഗാനം പാടികൊണ്ടാണു ഫൊക്കാനയുടെ വുമൻസ് ഫോറം ചെയറും അവതാരികയുമായ ഷീലാ ചെറു രംഗപ്രവേശം ചെയ്തത്.ഫൊക്കാനയുടെ അസ്സോസിയേറ്റ് സെക്രട്ടറി ബാലാ വിനോദ് ഗാന്ധിജയന്തി ആഘോഷത്തിലേയ്ക്കു എല്ലാ വിശിഷ്ട അതിഥികളെയും കലാകാരന്മാരേയും കലാകാരികളേയും സദസ്സിനേയും സ്വാഗതം ചെയ്തു.

ഫൊക്കാനാ പ്രസിഡന്റ് രാജൻ പടവത്തിൽ തന്റെ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത് മഹാത്മജിയുടെ വജ്രായുധമായ അഹിംസാ സിദ്ധാന്തങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു. ഒരു നല്ല വീടിന് പകരം വയ്ക്കാൻ ലോകത്തൊരു സ്കൂളുമില്ല, നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വെയ്ക്കാൻ ലോകത്ത് ഒരു അദ്ധ്യാപകനുമില്ല എന്നു തുടങ്ങി ഗാന്ധിജിയുടെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സന്ദേശം എന്ന വാക്കുകൾ അന്വർഥമാക്കി ജീവിക്കണമെന്ന് ആവശ്യപ്പെട്ടു. 2023 ൽ ഫ്ലോറിഡയിൽ നടക്കുവാൻ പോകുന്ന ഫൊക്കാനയുടെ കൺവൻഷനിലേക്ക് എല്ലാവരേയും ക്ഷണിച്ചുകൊണ്ടുമാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

മുഖ്യപ്രഭാഷകരായി സാൻഫോർഡ് മേയർ കെൻ മാത്യു, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായ ഡോ. സിറിയക്ക് തോമസ്സ്, മുൻ വൈസ് ചാൻസലറും നിർമ്മലാ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.ടി.എം.ജോസഫ്, സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളിൽ നിറസാന്നിദ്ധ്യമായ എ.സി. ജോർജ് , ബിഒടി ചെയർ വിനോദ് കേആർകെ എന്നിവർ ഗാന്ധിജിയുടെ ജീവിതശൈലികളേകുറിച്ചും പ്രവർത്തന രീതികളെകുറിച്ചും ഗാന്ധിയൻ സിദ്ധാന്തങ്ങളേകുറിച്ചും ദീർഘമായി സംവാദിച്ചു.

തുടർന്നു നടന്ന കലാപരിപാടികൾ സദസ്സിനെ ആനന്ദസാഗരത്തിൽ ആറാടിച്ചു. അമേരിക്കൻ മലയാളികളുടെ ഗാനഗന്ധർവനായ ശബരിനാദിന്റെ ശ്രുതിമധുരമായ ഗാനവും മലയാളികളുടെ ഇഷ്ടഗായകനായ ജോർജ് കിരിയാടന്റെ ഹിന്ദി ഗാനവും, ഇൻഡ്യൻ അമേരിക്കൻ വാനമ്പാടി ശ്രീമതി ഷാരൻ ഏബ്രഹാമിന്റെ ഗാനവും സദസിനേ കോരിതരിപ്പിച്ചു.മയൂർ ഡാൻസ് അക്കാദമിയുടെ ഡയറക്ടർമാരായ രമ്യ ഗുണശേഖർ അലനും ഷെറിൻ കുര്യാക്കോസിന്റെ ഡാൻസും, ഡ്രീം ഡാൻസ് ഫ്ലോർ ഡയറക്ടർ ടിഫിനി സാൽബിയുടെ ചടുല ഗംഭീര നൃത്തവും പരിപാടികളുടെ അരങ്ങുതകർത്തു.

ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഫൊക്കാന ജനറൽ സെക്രട്ടറി വർഗീസ് പാലമലയുടെ നേതൃത്വത്തിലുള്ള എല്ലാ ഭാരവാഹികളുമായിരുന്നു. ടെക്നിക്കൽ സപ്പോർട്ടിന്റെ മുഴുവൻ ചുമതലയും ഫൊക്കാനാ വൈസ് പ്രസിഡന്റ് ഷിബു വെൺമണിയും ആഘോഷപരിപാടികളുടെ കോർഡിനേറ്റർമാരായി ഏബ്രഹാം കളത്തിൽ, വിനോദ് കേആർകെ, ഷീലാ ചെറു എന്നിവർ പ്രവർത്തിച്ചു.

വിശുദ്ധിയുടെ നിറമായ വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് എല്ലാ ഫൊക്കാന ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്ത് . ഫൊക്കാനയുടെ ട്രഷറർ ഏബ്രഹാം കളത്തിൽ വിശിഷ്ടാതിഥികൾക്കും പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും പ്രത്യേകിച്ച് അവതാരികയായ ഷീലാ ചെറുവിനും പ്രത്യേകമായി അനുമോദിക്കുകയും എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് 11ന് പരിപാടികൾക്ക് തിരശ്ശീല വീണു.