ഷിക്കാഗോ∙ 2021 ഒക്ടോബർ 3 ഞായറാഴ്‌ച രാവിലെ 9:45 ന് പ്ലാറ്റിനം ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ തിരുഹൃദയ ദേവാലയ ഉദ്ഘാടനം ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് ദീപം തെളിയിച്ച് നിർവഹിച്ചു. “ജയ് ജയ് മിഷൻ ലീഗ്” എന്ന ഗാനത്തോടെ കൈകളിൽ തിരികളേന്തിയ കുഞ്ഞുമിഷിനറിമാരുടെ റാലിയോടെ പരിശുദ്ധ കുർബാന ആരംഭിച്ചു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ മുല്യങ്ങളിൽ സമർപ്പിതമായ കുഞ്ഞു മിഷിനറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ് ലോകമെമ്പാടും പ്രവർത്തിച്ചു വരുന്നത്.

സേക്രഡ് ഹാർട്ട് മിഷൻ ലീഗ് എക്സിക്യൂട്ടീവ് ഏറൺ ഓളിയിൽ, സെറീന മുളയാനിക്കുന്നേൽ എന്നിവർ ബഹു. മുത്തോലത്തച്ചനോടൊപ്പം ദീപം തെളിയിച്ച്, പ്ലാറ്റിനം ജൂബിലിക്ക് തുടക്കം കുറിച്ചു. അവരോടൊപ്പം വൈസ് പ്രസിഡന്റ് ജെയ്ഡൺ കീഴങ്ങാട്ട്, ജോയിന്റ് സെക്രട്ടറിയായ സാറാ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

പുതിയ അംഗങ്ങളെ ചേർക്കുന്ന പ്രാർത്ഥനകൾക്ക് ശേഷം, മിഷൻ ലീഗ് അംഗങ്ങൾക്കുവേണ്ടി വെരി. റവ. ഏബ്രഹാം മുത്തോലത്ത് ജൂബിലി പ്രാർത്ഥനകൾ അർപ്പിച്ചു. തുടർന്ന് എല്ലാ അംഗങ്ങൾക്കും സിഎംഎൽ ബാഡ്ജുകൾ വിതരണം ചെയ്തു. ഡിആർഇ ടീന തോമസ് നെടുവാമ്പുഴ മിഷൻ ലീഗിനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഒരു പവർ പോയിന്റ് അവതരണം നടത്തി. പവർ പോയിന്റ് അവതരണത്തോടൊപ്പം ഈ അധ്യയന വർഷത്തിലെ കുട്ടികൾക്കുള്ള ആത്മീയ ഡയറി പൂരിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ വിതരണം ചെയ്തു.

ഈ മഹത്തായ പുണ്യ സംഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാൻ അനുവദിച്ചതിന് ദൈവത്തെ സ്തുതിക്കുകയും പ്രത്യേകം നന്ദി പറയുകയും ചെയ്തു. ഈ സംഘടനയുടെ എല്ലാ നേതാക്കന്മാർക്കുവേണ്ടിയും ദൈവത്തിന് നന്ദി പറഞ്ഞു. സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ കോർഡിനേറ്റർമാർ സുജ ഇത്തിത്തറയും ആൻസി ചേലക്കലും ആണ്.