ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെ നിലക്ക് നിര്‍ത്താനും വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനെയും രാജ്യത്ത് നിന്ന് ഒഴിപ്പിക്കുന്നത് എളുപ്പമാക്കാനും മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥരും യുഎസ് പ്രതിനിധികളും ശനിയാഴ്ചയും ഞായറാഴ്ചയും ചര്‍ച്ചകള്‍ നടത്തുമെന്ന് ഇരു ഭാഗത്തെയും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആഗസ്റ്റ് അവസാനം അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് ചര്‍ച്ചകള്‍ നടക്കുക.

2020ല്‍ വാഷിംഗ്ടണുമായി താലിബാന്‍ ഒപ്പുവച്ച സമാധാന ഉടമ്ബടി പുന:പരിശോധിക്കുമെന്ന് ദോഹ ആസ്ഥാനമായുള്ള താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ശനിയാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഈ കരാര്‍ ആണ് യു.എസിന്റെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്.

2020 ലെ യുഎസ്-താലിബാന്‍ ഉടമ്ബടി, ഭീകര സംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും അമേരിക്കയെയും സഖ്യകക്ഷികളെയും ആക്രമിക്കുന്ന തീവ്രവാദികള്‍ക്ക് അഫ്ഗാനിസ്ഥാന്‍ വീണ്ടും അഭയം നല്‍കില്ലെന്നും ഉറപ്പ് നല്‍കുന്നതായിരുന്നു. യുഎസ് ഭീകരവിരുദ്ധ സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്നും രാജ്യത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് നിന്ന് അഫ്ഗാന്‍ പ്രദേശത്ത് നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ വാഷിംഗ്ടണിന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

താലിബാന്‍ അധികാരം ഏറ്റെടുത്തതിനുശേഷം, ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ശക്തമാക്കി. വെള്ളിയാഴ്ച, ഒരു ഐ.എസ് ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 46 ഷിയാ മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പിന്മാറ്റത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമാണിത്.