ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫെഡ്റിക്സനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണമാണ് അവര്‍ക്ക് നല്‍കിയത്.

” ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഡെന്മാര്‍ക് കാണുന്നത്. ഈ സന്ദര്‍ശനം ഡെന്‍മാര്‍ക്ക്- ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ലായി മാറും” അവര്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഡെന്മാര്‍ക്ക് പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി സ്വീകരിച്ചു. ശേഷം രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ഹരിത നയതന്ത്ര സഹവര്‍ത്തിത്വം അവലോകനം ചെയ്യാനുള്ള അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു .

രാഷ്ട്രപതി രാം നാഥ്‌ കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. കൂടാതെ വിദ്യാര്‍ത്ഥികള്‍, സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരുമായി മെറ്റെ ഫെഡ്റിക്സന്‍ സംവദിക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് -19 നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ രാഷ്ട്രനേതാവായതിനാല്‍ മെറ്റെ ഫ്രെഡറിക്സന്റെ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ശക്തമായ വ്യാപാര -നിക്ഷേപ ബന്ധമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ 200 ലധികം ഡാനിഷ് കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ ഡെന്‍മാര്‍ക്കില്‍ 60ലധികം ഇന്ത്യന്‍ കമ്ബനികളും പ്രവര്‍ത്തിക്കുന്നു.