ചിലപ്പോഴൊക്കെ നാം കഞ്ഞിവെള്ളം വെറുതേ കളയാറുണ്ട്. ദാഹമകറ്റാന്‍ കഞ്ഞിവെള്ളം ബെസ്റ്റാണ്. ശരീരത്തിന് ഗുണകരമായ ഏറെ ഗുണങ്ങള്‍ ഇതിനുണ്ട്. ശരീരത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ഗുണകരവുമാണ്. നല്ല മുടിയ്ക്കു പറ്റിയ ഏറ്റവും നല്ല മരുന്നാണ് കഞ്ഞിവെള്ളം. മുടി ആരോ​ഗ്യമുള്ളതാക്കാന്‍ കഞ്ഞിവെള്ളം ഉപയോ​ഗിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധര്‍ പറയുന്നു.

അരിയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകള്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ്, വിറ്റാമിന്‍ ഇ എന്നിവയും ധാരാളമായി അരിയില്‍ അടങ്ങിയിട്ടുണ്ട്.‌ ഉയര്‍ന്ന അളവില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുടിയുടെയും ചര്‍മ്മകോശത്തിന്റെയും കേടുപാടുകളെ പ്രതിരോധിക്കാന്‍ കഞ്ഞി വെള്ളത്തിന് സാധിക്കും.

കഞ്ഞി വെള്ളം മികച്ചൊരു കണ്ടീഷണര്‍ കൂടിയാണ്. ഇത് മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിനായി കഞ്ഞി വെള്ളം എങ്ങനെയെല്ലാം ഉപയോ​ഗിക്കാമെന്ന് നോക്കാം.

ആദ്യം കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ​ഗ്ലാസ് കഞ്ഞി വെള്ളം ചേര്‍ത്ത് മുടി കഴുകുക. മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ചതാണ് ഇത്.

കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചുവയ്ക്കുക. പിറ്റേന്ന് ഇതിലേക്ക് വെള്ളം ചേര്‍ക്കണം. ശേഷം ഇതില്‍ നാല് തുള്ളി ലാവെന്‍ഡര്‍ ഓയില്‍ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ വെള്ളം ഉപയോ​ഗിച്ച്‌ മുടി കഴുകുക. താരന്‍, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും.

കഞ്ഞിവെള്ളത്തില്‍ അല്‍പം ഉലുവ ചേര്‍ത്ത് മുടി കഴുകുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഈ ഹെയര്‍ പാക്ക് ഇടാവുന്നതാണ്. മുടികൊഴിച്ചില്‍ കുറയ്ക്കാനും താരന്‍ അകറ്റാനും ഇത് സഹായിക്കും.

ഇനി ഒരു ഹെയര്‍ പാക്ക് പരിചയപ്പെടാം. കഞ്ഞിവെള്ളത്തില്‍ ഉലുവാ പായ്ക്കുണ്ടാക്കാം. കഞ്ഞിവെള്ളത്തില്‍ ഉലുവ ഇട്ടു വയ്ക്കുക. തലേന്നു രാത്രി ഇട്ടു വയ്ക്കാം. പിറ്റേന്ന് ഈ ഉലുവ ചേര്‍ത്തരച്ച്‌ മുടിയില്‍ പുരട്ടാം. ഇതല്ലെങ്കില്‍ ഉലുവാ നീക്കി ഈ ക്ഞ്ഞി വെള്ളം മുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ ശേഷം കഴുകാം. ഇതും മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയര്‍ പായ്ക്കാണ്.