ടെലിവിഷൻ ചാനൽ ഉടമയാക്കാമെന്ന് പറഞ്ഞ് ഹരിപ്രസാദ് എന്നയാൾ കബിളിപ്പിച്ചെന്ന് മോൻസൺ മാവുങ്കൽ. സംസ്‌കാര ചാനലിന് മറ്റ് ഉടമകൾ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും മൊഴി നൽകി.

ക്രൈംബ്രാഞ്ച് യൂണിറ്റ് രണ്ട് കേസുകളാണ് മോൻസണിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. അതിലൊന്ന് സംസ്‌കാര ടി.വിയുമായി ബന്ധപ്പെട്ട കേസാണ്. സംസ്‌കാര ചാനലിൽ 1.51 കോടി രൂപയുടെ ഓഹരികൾ തട്ടിയെടുത്ത കേസിലെ അന്വേണത്തിൽ രണ്ടാം പ്രതിയാണ് മോൻസൺ. ഒന്നാം പ്രതിയായ ഹരിപ്രസാദും മോൻസണും തമ്മിലുള്ള ഇടപാടുകൾ പരിശോധിച്ചപ്പോൾ തലസ്ഥാനത്തും സമാനമായ പുരാവസ്തു തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സംസ്‌കാര ചാനലിന് 10 ലക്ഷം രൂപ മോൻസൺ കൈമാറിയെന്ന കാര്യവും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബിനാമി ജോഷി വഴിയാണ് പണം കൈമാറിയത്. സംസ്‌കാര ഓഫിസിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ പ്രതി മോൻസൺ മാവുങ്കലിനെതിരായ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പാലാ മീനച്ചിൽ സ്വദേശി രാജീവിനെ പറ്റിച്ച് ഒരു കോടി 72 ലക്ഷം രൂപ തട്ടിയ കേസിലുമായി 8 ദിവസം മോൻസണെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ കേസുകൾ മോൻസണെതിരെ രജിസ്റ്റർ ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കം ക്രൈം ബ്രാഞ്ച് സംഘം നടത്തുന്നത്. നിലവിൽ 5 കേസുകളാണ് മോൻസണെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരോ കേസിലുമുളള അന്വേഷണം പുരോഗമിക്കുകയാണ്.