ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക.. ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്..

ആര്യാനുൾപ്പെടെയുള്ളവർക്കെതിരായ കേസ് ശക്തമാണെന്നും, കോടതിയിൽ ഇക്കാര്യം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ബോധ്യപ്പെടുത്തുമെന്നും എൻസിബി സോണൽ മേധാവി സമീർ വാങ്കഡെ പറഞ്ഞു. ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും,തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യത യുണ്ടെന്നും എൻസിബി കഴിഞ്ഞ ദിവസം വടിച്ചിരുന്നു. ഇതേ വാദങ്ങൾ എൻഡിപിഎസ് കോടതിയിലും എൻസിബി ഉന്നയിക്കും. ജാമ്യം നിഷേധിക്കപ്പെട്ട ആര്യൻ ഉൾപ്പെടെ 8 പ്രതികളും മുംബൈ ആർതർ റോഡ് ജയിലിൽ തുടരുകയാണ്..ഒരു നൈജീരിയൻ പൗരൻ ഉൾപ്പെടെ 18 പേരെ ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു എൻസിബി അറിയിച്ചു.

ഒക്ടോബർ രണ്ട് അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോർഡിലിയ ക്രൂയിസിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.

അറുപതിനായിരം മുതൽ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽകിയാണ് കപ്പലിലെ യാത്ര. കപ്പലിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.