സ്‌കൂൾ തുറക്കുന്നതിന് മാർഗരേഖ പുറത്തിറക്കി. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാർഗരേഖ. ആറ് വകുപ്പുകൾ ചേർന്ന് മാർഗരേഖ നടപ്പിലാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ മന്ത്രിയും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും വിദ്യാർത്ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ ക്ലാസുണ്ടാവും.

 

ഡിജിറ്റൽ ക്ലാസുകൾ തുടരും. സ്‌കൂളിൽ വരുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ടൈംടേബിൾ പുതിയ ക്രമപ്രകാരം തയാറാക്കും. സ്‌കൂൾ അസംബ്ലി ഒഴിവാക്കും. സ്‌കൂളിൽ ഒരു ഡോക്ടറുടെ സേവനം ഉണ്ടാകും. ഒരു ക്ലാസ്സിനെ ബയോ ബബിൾ ആയി കണക്കാക്കും. രോഗലക്ഷണ രജിസ്റ്റർ സൂക്ഷിക്കും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക ബസ് സർവീസ് നടത്തും. വിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും. ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ഉച്ചവരെ മാത്രം. ഉച്ച ഭക്ഷണം പി.ടി.എയുമായി ആലോചിച്ച് നൽകും.

ഓട്ടോയിൽ പരമാവധി മൂന്ന് കുട്ടികൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കുട്ടികൾ വീട്ടിൽ തിരിച്ചെത്തും വരെ സുരക്ഷ ഉറപ്പാക്കും. സ്‌കൂളിനടുത്തുള്ള കടകളിലുള്ളവർക്കും വാക്‌സിനേഷൻ ഉറപ്പാക്കും. രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.