തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസ് തുടരും. പ്രത്യേക ടൈംടേബിള്‍ തയാറാക്കും.

ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഉച്ചവരെയാണ്. രക്ഷകര്‍ത്താക്കളുടെ സമ്മതേത്താടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരേണ്ടത്. കുട്ടികള്‍ ക്ലാസുകളിലും കാമ്ബസിനകത്തും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടതാണ്. ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം.

പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമായിരിക്കും. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസില്‍ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്ബ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്.

കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഓഫ്ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഒപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. ഇതിന്റെ സമയക്രമവും മറ്റും ഉടന്‍ പ്രഖ്യാപിക്കും. സ്‌കൂളുകളില്‍ ആദ്യ ഘട്ടത്തില്‍ യൂണിഫോം, അസംബ്ലി എന്നിവ നിര്‍ബന്ധമാക്കില്ല