കൊച്ചി: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ മരിച്ച കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. 105 ദിവസതിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിയുടെ വാദം. വിസ്മയ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

വിസ്മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയായിരുന്നു എന്നും കിരണ്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഈ വര്‍ഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച്‌ വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

നാല്‍പ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളുമാണ് കേസിനായി പോലീസ് ഹാജരാക്കുന്നത്. ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയാറാക്കിയത്. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ്. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു.

വിസ്മയയുടെ മൃതശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദര്‍, വിസ്മയയുടെ സുഹൃത്തുകള്‍, ബന്ധുക്കള്‍ എന്നിവരടങ്ങുന്നതാണ് സാക്ഷിപട്ടിക. മോബൈല്‍ഫോണുകള്‍ ഉള്‍പ്പടെ 20 തൊണ്ടിമുതലുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. കൂടാതെ വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

സ്ത്രീധന പീഡനവും, ഗാര്‍ഹിക പീഡനവും ഉള്‍പ്പടെ ഏഴ് വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ മാത്രമാണ് കേസില്‍ പ്രതിയായി ഉള്ളത്. വിസ്മയയുടെ കുടുംബം കിരണിന്റെ ബന്ധുക്കള്‍ക്കെതിരേയും ആരോപണം ഉയര്‍ത്തിയിരുന്നെങ്കിലും കേസില്‍ മറ്റാരേയും നിലവില്‍ പ്രതിചേര്‍ക്കേണ്ടതില്ലെന്നാണ് പോലീസ് തീരുമാനം.