ഇസ്ലാമാബാദ്: സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും പല രാജ്യങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാല്‍ ഇമ്രാന്‍ഖാന്‍ ഭരണകൂടം താലിബാനെ ശക്തമായി പിന്തുണക്കുന്ന നിലപാടുകളാണ് കൈക്കൊള്ളുന്നത്.

പാക് സര്‍ക്കാര്‍ പരസ്യമായാണ് താലിബാനെ അനുകൂലിക്കുന്ന നിലപാടുകള്‍ ലോകത്തോട് വിളിച്ചു പറയുന്നത്. അഫ്ഗാന്‍ ഭരിക്കുന്ന താലിബാനികള്‍ ഞങ്ങളുടെ സഹോദരന്‍മാരാണെന്നാണ് ഇമ്രാന്റെ അടുത്ത സഹായിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് റാഷിദ് വ്യക്തമാക്കിയത്. ലോകരാജ്യങ്ങള്‍ പറയുന്നത് ഞങ്ങള്‍ പരിഗണിക്കില്ല. അഫ്ഗാനിസ്ഥാന്‍ ഞങ്ങളുടെ സഹോദരരാണ്. താലിബാനെ സഹായിക്കുന്നത് ഞങ്ങള്‍ തുടരുമെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. താലിബാന്‍ സര്‍ക്കാരിനോടുള്ള ലോകരാജ്യങ്ങളുടെ നിലപാട് എന്താണെന്ന് കാത്തിരിക്കണമെന്ന് പാകിസ്താനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദം നിലനില്‍ക്കെയാണ് ഷെയ്ഖ് റാഷിദിന്റെ പ്രസ്താവന.യുഎസിനെ വെല്ലുവിളിക്കുകയാണ് ഈ പരസ്യപ്രസ്താവനയിലൂടെ പാകിസ്താന്‍ ചെയ്തതെന്നും നയതന്ത്ര വിദഗ്‌ദ്ധര്‍ ആരോപിക്കുന്നു.

കാബൂളിലെ അധിനിവേശ സമയം മുതല്‍ പരസ്യമായ നിലപാടുമായാണ് പാകിസ്താന്‍ താലിബാനെ പിന്തുണയ്‌ക്കുന്നത്. താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോടും പാകിസ്താന്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. മാനുഷിക പരിഗണന നല്‍കി അഫ്ഗാനിസ്ഥാനെ അംഗീകരിക്കണമെന്നും പാക് സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് അഫ്ഗാനെ രക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടിരുന്നു.

യുഎസ് ഡെപ്യൂട്ടി സെക്രട്ടറി വെന്‍ഡി ഷെര്‍മാന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ പ്രതിനിധി സംഘം ഇസ്ലാമാബാദ് സന്ദര്‍ശിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അഫ്ഗാന്‍ വിഷയമായിരിക്കും ഇരു രാജ്യങ്ങളും പ്രധാനമായും ചര്‍ച്ചചെയ്യുക. ചര്‍ച്ചയില്‍ ബൈഡന്‍ ഭരണകൂടം നാല് പ്രധാന വിഷയങ്ങളിലാണ് ഊന്നല്‍ നല്‍കുക. കാബൂളിലെ താലിബാന്‍ സര്‍ക്കാരിന്റെ അംഗീകാരം, അഫ്ഗാനിസ്ഥാനെതിരായ അന്താരാഷ്‌ട്ര ഉപരോധം, അഫ്ഗാനിസ്ഥാനിലേക്കുള്ള മറ്റ് ലോകരാജ്യങ്ങളുടെ പ്രവേശനം, തീവ്രവാദ വിരുദ്ധ സഹകരണം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. താലിബാന്‍ സര്‍ക്കാരിനെ മറ്റ് ലോകരാജ്യങ്ങള്‍ അംഗീകരിക്കരുതെന്ന് അമേരിക്ക ആഗ്രഹിക്കുന്നില്ല. പകരം തര്‍ക്കവിഷയങ്ങളില്‍ താലിബാന്‍ ഭരണകൂടം വഴങ്ങണമെന്നും ഇതിനായി പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആഗ്രഹിക്കുന്നതായി യുഎസ് നിലപാട് വ്യക്തമാക്കിയിരുന്നു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരണം, മനുഷ്യാവകാശ സംരക്ഷണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ ജോലി ചെയ്യാനുള്ള അവകാശം എന്നിവ പ്രധാനമാണ്. ഈ വിഷയങ്ങളില്‍ തുറന്ന അഭിപ്രായവും ഉപദേശവും നല്‍കുന്നതിനു പകരം താലിബാന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങളെ മൂടിവെയ്‌ക്കാനാണ് ഇമ്രാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണം.