നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘അദൃശ്യ’ത്തിന്റെ സോളോ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. നരെയ്ന്‍റെ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. താരത്തിന്റെ ജന്മ​ദിനത്തോട് അനുബന്ധിച്ച്‌ കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റര്‍ റിലീസ്. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്‍റെ തമിഴ് പേര് ‘യുകി’ എന്നാണ്. പവിത്ര ലക്ഷ്‍മി, കായല്‍ ആനന്ദി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവര്‍ മലയാളം, തമിഴ് പതിപ്പുകളില്‍ അഭിനയിക്കുന്നുണ്ട്. കതിര്‍, നട്ടി നടരാജന്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവര്‍ തമിഴ് പതിപ്പില്‍ ഉണ്ട്.

ഫോറന്‍സിക്, കള എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്സുമായി ചേര്‍ന്ന് യു എ എന്‍ ഫിലിം ഹൗസ്, എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകള്‍ സംയുക്തമായാണ് നിര്‍മ്മാണം. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് പാട്ടുകളും ഡോണ്‍ വിന്‍സന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.