മാര്‍ക്ക് ജിഹാദ് വിവാദത്തില്‍ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് പാണ്ഡയെ തള്ളി സര്‍വകലാശാല അധികൃതര്‍. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒരു സംസ്ഥാനത്തിനും പ്രത്യേക പരിഗണന നല്‍കുന്നില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കി. എല്ലാ ബോര്‍ഡുകള്‍ക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. ഇത്തവണത്തെ പ്രവേശനത്തിനും തുല്യത പാലിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു.

ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു പാണ്ഡെയുടെ വിവാദ പരാമര്‍ശം. കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഇത്തവണ ആദ്യ കട്ടോഫില്‍ തന്നെ സര്‍വകലാശാലയില്‍ പ്രവേശനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രൊഫസര്‍ വിവാദ പരാമര്‍ശം നടത്തിയത്.

കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് ഇത്തരത്തില്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണ്. കേരളത്തില്‍ ലൗ ജിഹാദ് പോലെ മാര്‍ക്ക് ജിഹാദുമുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജെഎന്‍യുവില്‍ പരീക്ഷിച്ച അതേ തന്ത്രം ഡല്‍ഹി സര്‍വകലാശാലയിലും നടപ്പിലാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും പാണ്ഡെ പറഞ്ഞു.