നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍. പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്ന് എ.കെ നസീര്‍ പറഞ്ഞു. പുനസംഘടനയില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വിവരശേഖരണം മാത്രമാണ് നടന്നത്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസവും അഭിപ്രായസ്വാതന്ത്ര്യവുമില്ല. മെഡിക്കല്‍ കോളജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് തന്നെ ഒതുക്കിയതെന്നും എ.കെ നസീര്‍ പറഞ്ഞു.

‘ഒരിക്കല്‍ സംസ്ഥാന പ്രസിഡന്റ് വരെയായ വ്യക്തിക്ക് നാളെ പാര്‍ട്ടിയിലെ ഒരു മെമ്പര്‍ പോലും ആകാന്‍ കഴിയാത്ത് അവസ്ഥയാണ് ഇന്ന് കേരളത്തില്‍ ബിജെപിയുടേത്. പ്രവര്‍ത്തകര്‍ക്ക് അത് വലിയ വേദന ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇക്കാര്യങ്ങള്‍ നേതൃത്വത്തെ അറിയിച്ചെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.

ഒരു മുന്‍ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മുതിര്‍ന്ന നേതാവ് എ കെ നസീറിന്റെ വിമര്‍ശനം. ഒരു സമുദായത്തെ അടച്ചാക്ഷേപിച്ച നേതാവിനെ സംസ്ഥാന ഉപാധ്യക്ഷനാക്കി, പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടമായി, പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന വന്നതിനുശേഷം എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് നേതൃത്വത്തിലെ ചിലര്‍ സ്വീകരിച്ചതെന്നും എ കെ നസീര്‍ കുറ്റപ്പെടുത്തി.