കാബൂള്‍: അഫ്​ഗാനിസ്ഥാനില്‍ ഭീകരസംഘടനയായ താലിബാനുമായി ബ്രിട്ടീഷ്​ പ്രതിനിധിസംഘം കൂടിക്കാഴ്​ച നടത്തി. താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചനടത്താന്‍ ആദ്യമായാണ്​ ബ്രിട്ടന്‍ അഫ്​ഗാനിലേക്ക്​ പ്രതിനിധിസംഘത്തെ അയക്കുന്നത്​. അഫ്​ഗാ​നിലെ ബ്രിട്ടന്റെ ഉന്നതതല പ്രതിനിധി സര്‍ സൈമണ്‍ ഗാസ്​, ദോഹ പ്രതിനിധി മാര്‍ട്ടിന്‍ ലോംഗ്​ദെന്‍ എന്നിവരാണ്​ സംഘത്തിലുണ്ടായിരുന്നത്​. താലിബാന്‍ ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യമന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖി, ഉപ പ്രധാനമന്ത്രിമാരായ മുല്ല അബ്​ദുല്‍ ഘനി ബറാദര്‍ അഖുന്‍ദ്, മൗലവി അബ്​ദുള്‍ സലാം ഹനഫി എന്നിവരുമായി സംഘം കൂടിക്കാഴ്​ച നടത്തി.

സ്​ത്രീകളുടെയും പെണ്‍കുട്ടികളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും സ്വാതന്ത്ര്യം ഹനിക്കരുതെന്ന് സംഘം താലിബാനോട് ആവശ്യപ്പെട്ടു. അഫ്​ഗാനിലെ മാനുഷിക ദുരന്തം ആഗോള ശ്രദ്ധയില്‍ കൊണ്ടുവരാനും ഭീകരത തടയാനും രാജ്യം വിടാനാഗ്രഹിക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും സഹായിക്കാമെന്നും ബ്രിട്ടന്‍ ഉറപ്പുനല്‍കി.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തതായി താലിബാന്‍ വക്താവ്​ അബ്​ദുള്‍ ഖഹാര്‍ ബല്‍ഖി പറഞ്ഞു.

ഇത്​ പുതിയ ബന്ധത്തിന്റെ ആരംഭമാണെന്നും മറ്റു രാജ്യങ്ങളും ഇതേ പാത പിന്തുടരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ബല്‍ഖി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം ഐക്യരാഷ്​ട്ര സഭയുടെ പ്രത്യേക പ്രതിനിധി ഡെബോറ ലയോന്‍സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു.