തിരുവനന്തപുരം:ആറ്റിങ്ങലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചയോടെ പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന് സമീപത്തെ പാത്രങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപിടിത്തം ഉണ്ടായത്.

പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നാല് കട മുറികള്‍ പൂര്‍ണമായി കത്തിയമര്‍ന്നു. മധുര അലുമിനിയം സ്റ്റോഴ്‌സ്, ശ്രീനാരായണ പ്ലാസ്റ്റിക് എന്നീ കടയും അതിന്റെ ഗോഡൗണിനുമാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്‌സിന്റെ ആറ് യൂണിറ്റ് രണ്ടര മണിക്കൂറിലധികമായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

ഷോര്‍ട് സര്‍ക്യൂടാണ് അപകട കാരണമെന്നാണ് കരുതുന്നത്. കെട്ടിടം ഇടിഞ്ഞ് വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായതായി ജില്ലാ ഫയര്‍ ഓഫീസര്‍ എം സുധി പറഞ്ഞു. എന്നാല്‍ തീ നിയന്ത്രണ വിധേയമായെന്നും മറ്റ് കെട്ടിടങ്ങളിലേക്ക് പടരാന്‍ ഇനി സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കട ഏതാണ്ട് പൂര്‍ണമായിത്തന്നെ കത്തിനശിച്ചു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപോര്‍ടില്ല. പ്ലാസ്റ്റിക്, അലൂമിനിയം പാത്രങ്ങള്‍, പേപര്‍, സാനിറ്റൈസര്‍ തുടങ്ങിയവയാണ് ഗോഡൗണില്‍ പ്രധാനമായും ഉള്ളത്.