ന്യൂഡല്‍ഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം അഞ്ച്​ ലക്ഷമായി ഉയര്‍ന്നാലും നേരിടാന്‍ തയാറെന്ന്​ കേന്ദ്രം​. നീതി ആയോഗ്​ അംഗം വി.കെ.പോളാണ്​ ഇക്കാര്യം അറിയിച്ചത്​. മൂന്നാംതരംഗം എത്രത്തോളം തീവ്രമായിരിക്കുമെന്ന്​ ഇപ്പോള്‍ പറയാനാകില്ല. 71 ശതമാനം പേര്‍ക്ക്​ ഇതുവരെ ഒന്നാം ഡോസ്​ വാക്​സിന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്​ 34 ജില്ലകളില്‍ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 34 ശതമാനത്തിനും മുകളിലാണ്​. 28 ജില്ലകളില്‍ അഞ്ചിനും പത്തിനും ഇടയിലാണ്​ പോസിറ്റിവിറ്റി നിരക്ക്​. രാജ്യത്ത്​ ഉത്സവസീസണ്‍ ആരംഭിക്കാനിരിക്കെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്​ ആരോഗ്യമന്ത്രാലയം ജോയിന്‍റ്​ സെക്രട്ടറി ലവ്​ അഗര്‍വാള്‍ ആവശ്യപ്പെട്ടു.

ആഘോഷങ്ങള്‍ പരമാവധി വീട്ടിലാക്കണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വാക്​സിനെടുക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലക്ഷദ്വീപ്​, ഛണ്ഡിഗഢ്​, ഗോവ, ഹിമാചല്‍​പ്രദേശ്​, ആന്‍ഡമാന്‍&നിക്കോബാര്‍, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ 100 ശതമാനം പേര്‍ക്കും വാക്​സിന്‍ നല്‍കിയെന്ന്​ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.