ഒരു വീട് അര്‍ത്ഥവത്താകുന്നത് അതില്‍ ആളുകള്‍ താമസിക്കുമ്ബോഴാണ്. അല്ലെങ്കില്‍ അതൊരു കെട്ടിടം മാത്രമാണ്. വീടിന്റെ ഹൃദയം അടുക്കളയും. ഒരു കുടുബത്തെ ഒന്നിപ്പിക്കുന്നത് അടുക്കളയാണ്. ഒരു വീടിന്റെ ചരിത്രമുറങ്ങുന്ന സ്ഥലത്തെ അതീവ ശ്രദ്ധയോടെ പരിപാലിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അടുക്കളയൊരുക്കുമ്ബോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതില്‍ പ്രധാനിയാണ് അടുക്കളയുടെ വാസ്തു.

വാതില്‍
അടുക്കളയുടെ പ്രവേശന വാതില്‍ വടക്ക്, കിഴക്ക്, പടിഞ്ഞാറ് ദിശകളിലാകണം.ഘടികാര ദിശയില്‍ തുറക്കുന്നവ ആയിരിക്കണം.

ജനലും വെന്റിലേഷനും
കിഴക്ക് വശത്ത് ഒരു ജനല്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം. ഇത് സൂര്യരശ്മികള്‍ അടുക്കളയില്‍ പ്രവേശിക്കുന്നതിനും അണുക്കളെ കൊല്ലുന്നതിനും സഹായിക്കും. അടുക്കളയ്ക്ക് പുറമെ വീടിന്റെയുള്ളില്‍ മറ്റിടങ്ങളിലേക്കും വെളിച്ചമെത്തുന്നതിന് സഹായിക്കും. തെക്കുവശത്തും ഒരു ജനലുണ്ടാകുന്നത് അടുക്കളക്കുള്ളിലെ ചൂടും ഗന്ധവും പുറത്തുപോകുന്നതിന് സഹായിക്കും.

അടുപ്പ്
അടുക്കളയെ സജീവമാക്കുന്നത് അടുപ്പാണ്. തെക്കുകിഴക്കേ മൂലയാണ് വാസ്തുശാസ്ത്രപരമായി ഗ്യാസടുപ്പിന് ഏറ്റവും അനുയോജ്യം. ചിമ്മിനി അടുപ്പാണെങ്കില്‍ കിഴക്ക് വശത്തായിരിക്കണം സ്ഥാനം. കിഴക്ക് ദിശയിലേക്ക് അഭിമുഖമായി നിന്ന് പാചകം ചെയ്യണം. പുറത്ത് നിന്ന് നോക്കുന്നവക്ക് അടുപ്പ് കാണാന്‍ കഴിയാത്തവണ്ണവും എന്നാല്‍ സൂര്യ രശ്മി മുകളില്‍ നിന്നും നേരിട്ട് പതിക്കേണ്ട രീതിയിലാകണം ജനല്‍ പണിയേണ്ടത്. പൊക്കം കൂടിയ ജനല്‍ ഒഴിവാക്കി വീതി കൂടിയ ജനല്‍ സ്ഥാപിക്കണം. കൂടാതെ നിറഞ്ഞ ഗ്യാസ് സിലിണ്ടര്‍ തെക്ക് കിഴക്കേ മൂലയിലും ഒഴിഞ്ഞവ തെക്ക് പടിഞ്ഞാറ് മൂലയിലും സൂക്ഷിക്കണം.

സിങ്കും വെള്ളവും
ജലസംഭരണിയും സിങ്കും വടക്ക് കിഴക്കേ മൂലയില്‍ വെക്കാം. സിങ്കിന്റെ കിഴക്ക് വശം ഭിത്തികൊണ്ട് മറയാതിരിക്കാന്‍ ശ്രദ്ധിക്കണം. ജനലിന്റെ സ്ഥാനം സിങ്കിന്റെ നേര്‍ക്കെത്തുന്നതാണ് ഉത്തമം.

അടുപ്പും വെള്ളവും
അടുപ്പിനെയെയും സിങ്കിനെയും മറക്കുന്ന തരത്തില്‍ വസ്തുക്കള്‍ പാടില്ല. എന്നാല്‍ ഇവ രണ്ടും തമ്മില്‍ അകലം ഉണ്ടായിരിക്കണം.

ഇലക്‌ട്രോണിക് വസ്തുക്കള്‍
വടക്ക് കിഴക്ക് ദിശയില്‍ ഇവ പാടില്ല. റെഫ്രിജറേറ്റര്‍ വടക്ക് പടിഞ്ഞാറോ, തെക്ക് വശത്തോ,തെക്ക് പടിഞ്ഞാറോ വെക്കാം. മിക്സിയും ഈ വശങ്ങളില്‍ തന്നെ സൂക്ഷിക്കാം. അടുപ്പിന് മുകളില്‍ എപ്പോഴും വെളിച്ചമുണ്ടായിരിക്കണം. അതിനാല്‍ ലൈറ്റ് റൂഫില്‍ സ്ഥാപിക്കുന്നതാണ് ഉചിതം. തെക്ക് പടിഞ്ഞാറേ മൂലയില്‍ ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ ക്രമീകരിക്കാം.

അടുക്കളയുടെ നിറം
വാസ്തുപരമായി പച്ചയാണ് അടുക്കളയ്ക്ക് പറ്റിയ നിറം. പിങ്കും ഓറഞ്ചും അനുയോജ്യമാണ്.