ന്യൂഡല്‍ഹി : ടോക്കിയോ ഒളിമ്ബിക്‌സില്‍ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര എറിഞ്ഞുവീഴ്‌ത്തിയ ജാവ്‌ലിന് ഇന്ന് കോടികളുടെ വിലയുണ്ട്. ഒളിമ്ബിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം സമ്മാനിച്ച ഈ ജാവ്‌ലിന്‍ ലേലത്തില്‍ വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്. ഒരു കോടിയിലേറെ രൂപയാണ് ജാവ്‌ലിന് വേണ്ടി ലേലം വിളിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകപ്രശസ്ത അത്‌ലറ്റിക്‌സ് എക്യുപ്‌മെന്റ് വിതരണക്കാരായ നോര്‍ഡിക്‌സ് സ്‌പോര്‍ട്‌സ് ആണ് വല്‍ഹാല 800 ഹാര്‍ഡ് എന്‍എക്‌സ്‌എസ് ജാവ്‌ലിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ലേലത്തില്‍ വെയ്‌ക്കുമ്ബോള്‍ കോടികള്‍ വിലവരുന്നത് ഇത് കാരണമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജാവ്‌ലിന്‍ സമ്മാനിക്കുമ്ബോള്‍ താരം ജാവ്‌ലിനില്‍ ഓട്ടോഗ്രാഫ് നല്‍കിയിരുന്നു. അത് കൂടാതെ ഒളിമ്ബിക്‌സില്‍ 87.58 മീറ്റര്‍ എന്ന ലോക് റെക്കോര്‍ഡ് നേടിയതും ഈ ജാവ്‌ലിന്‍ ഉപയോഗിച്ചാണ്.

ഈ സ്‌നേഹ സമ്മാനം പ്രധാനമന്ത്രി ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഒരു കാരണമുണ്ട്. തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ എല്ലാ തന്നെ മോദി ലേലത്തില്‍ വില്‍ക്കാറാണ് പതിവ്. ആ പണം ഉപയോഗിച്ച്‌ രാജ്യത്ത് വികസന പദ്ധതികള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ജാവ്‌ലിന്‍ ലേലത്തില്‍ വില്‍ക്കുന്ന പണം ഉപയോഗിച്ച്‌ നമാമി ഗംഗാ മിഷന്‍ പദ്ധതിക്ക് കീഴില്‍ ഗംഗാ ശുദ്ധീകരണം നടത്താനാണ് തീരുമാനം.

ഇതുപോലെ ടോക്കിയോ ഒളിമ്ബിക്‌സ് താരങ്ങള്‍ 15 സമ്മാനങ്ങളാണ് പ്രധാനമന്ത്രിയ്‌ക്ക് നല്‍കിയത്. ഈ സമ്മാനങ്ങളെല്ലാം ഓണ്‍ലൈനിലൂടെ ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനം. ഇതിന് മാത്രമായി 10 കോടിയോളം രൂപ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1348 സമ്മാനങ്ങള്‍ ഇപ്രാവശ്യത്തെ ലേലത്തില്‍ വില്‍ക്കുന്നുണ്ട്.

ടോക്കിയോ പാരാലിമ്ബിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ സുമിത് അന്ദിലിന്റെ ജാവ്‌ലിന് ഒരു കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ ബാറ്റിന് 80 ലക്ഷം രൂപയാണ് വില. ഹോക്കി വനിതാ ടീമിന്റെ ഹോക്കി സ്റ്റിക്കിനും ഇതേ വിലയാണ്. നാളെ വൈകീട്ട് 5 മണിവരെയാണ് ലേലം നടക്കുക.