മുംബൈ: ലഹരി മരുന്ന് പാര്‍ട്ടിയില്‍ ബോളിവുഡിലെ കിംഗ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായതോടെ ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടി സംബന്ധിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസില്‍ ഒരാളെ കൂടി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി പൊവയ് മേഖലയില്‍ നിന്നാണ് ലഹരിമരുന്നുകളുമായി അഞ്ജിത് കുമാര്‍ എന്നയാളെ പിടികൂടിയത്. ബാന്ദ്ര, ജൂഹു, ഗൊറേഗാവ് മേഖലകളില്‍ കഴിഞ്ഞരാത്രി പരിശോധന നടന്നതായും എന്‍.സി.ബി അറിയിച്ചു. കേസില്‍ ഇതുവരെ 16 പേര്‍ അറസ്റ്റിലായി. ഒക്ടോബര്‍ മൂന്നിനാണ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം എട്ട് പേരെ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വങ്കെഡെയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം, കേസന്വേഷണത്തിലെ ഓരോ നിമിഷവും പുതിയ ട്വിസ്റ്റുകളാണുണ്ടാകുന്നതെന്ന് എന്‍.സി.ബി പറയുന്നു. അഗതാ ക്രിസ്റ്റി, ഷെര്‍ലക് ഹോംസ് നോവലുകളില്‍ ഉള്ള അപസര്‍പ്പക കഥകള്‍ പോലെയാണ് ഈ കേസെന്നും ഓരോ നിമിഷവും പുതിയ ട്വിസ്റ്റുകളാണ് സംഭവിക്കുന്നതെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അദ്വൈത് സേത്ന കോടതിയില്‍ പറഞ്ഞു. പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യുഷന്റെ വെളിപ്പെടുത്തല്‍.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ശ്രേയസ് നായര്‍(23) അബ്ദുള്‍ ഖാദര്‍ ഷെയ്ഖ്(30) മനീഷ് രാജ്ഗരിയ(26) അവിന്‍ സാഹു(30) എന്നിവരെയാണ് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ഒക്ടോബര്‍ 11 വരെ എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടു.