സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ അര്‍ഥം പൂര്‍ണമാകുന്നതു സ്വതന്ത്രമായ മാധ്യമങ്ങളും പത്രപ്രവര്‍ത്തനവും ഉണ്ടാകുമ്പോഴാണെന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശി കുമാര്‍.  ഭരണഘടനയാണു ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെ വിശുദ്ധ ഗ്രന്ഥമെന്നും ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് നടത്തിയ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും നിയന്ത്രിക്കാനും വരുതിയിലാക്കാനുമാണു ഇന്ദിരാഗാന്ധി മുതല്‍ ഇപ്പോഴത്തെ സര്‍ക്കാരുകള്‍ വരെ ശ്രമിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ ഇകഴ്ത്തി കാട്ടുകയും രാജ്യദ്രോഹികളായും അഴിമതിക്കാരായും മുദ്രകുത്തുകയും ചെയ്യുന്നു. ഇത്തരം ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണു മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്ന ജനങ്ങള്‍ക്കു ബോധ്യമുണ്ടാകണം. പല കാരണങ്ങള്‍ കൊണ്ടു നഷ്ടമായ ജനവിശ്വാസവും സ്വീകാര്യതയും തിരിച്ചു പിടിക്കുകയാണു പ്രധാനം. സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിലൂടെ വിശ്വാസം നേടാനാകും.- മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു നടത്തിയ പ്രഭാഷണത്തില്‍ ശശികുമാര്‍ വിശദീകരിച്ചു.


മാധ്യമരംഗമാകെ പ്രതിസന്ധി ഘട്ടത്തിലൂടെയാണു കടന്നു പോകുന്നത്. കോവിഡിനു ശേഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. സാമൂഹിക മാധ്യമങ്ങളുടെ കടന്നു വരവ് മാധ്യമ പ്രവര്‍ത്തനത്തിന്റെ രൂപവും ഭാവവും മാറ്റി. ജനപ്രതിനിധികള്‍ പോലും സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളുമായി നേരിട്ട് ആശയ വിനിമയം നടത്തുന്ന കാലത്ത് ആധികാരികവും വിശ്വാസ്യതയുമുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വീണ്ടെടുക്കുക പ്രധാനമാണെന്നു ശശികുമാര്‍ ഓര്‍മിപ്പിച്ചു.
ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് പ്രസിഡണ്ട് ജോര്‍ജ് കള്ളിവയലില്‍, കോഓഡിനേറ്റര്‍ സോമന്‍ ബേബി, വൈസ് പ്രസിഡന്റ് അനില്‍ അടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷ്ണ കിഷോര്‍, സജീവ് കെ. പീറ്റര്‍, ജോസ് കുമ്പിളിവേലില്‍, ഉബൈദ് ഇടവണ്ണ, ചിത്ര കെ. മേനോന്‍, പി.ടി. അലവി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.