മലപ്പുറം : തിരുവാലിയില്‍ ഗൃഹനാഥന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവാലി സ്വദേശി മൂസക്കുട്ടിയാണ് ആത്മഹത്യ ചെയ്തത്. മൂസക്കുട്ടി ജീവനൊടുക്കാന്‍ കാരണം മകളുടെ ഭര്‍ത്താവിന്റെ സ്ത്രീധന പീഡനമാണെന്ന് ആരോപിച്ചുകൊണ്ട് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് മൂസക്കുട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സെപ്റ്റംബര്‍ 23-നാണ് മൂസക്കുട്ടിയെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മൂസക്കുട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നത്. മകള്‍ക്ക് ഇപ്പോള്‍ ഒരു കുട്ടിയായി. അതോടെ അവര്‍ക്ക് അവളെ തീരേ ആവശ്യമില്ലാതായിരിക്കുന്നു. അവര്‍ പത്ത് പവന്‍ കൂടി ആവശ്യപ്പെടുകയാണെന്നും തന്റെ പ്രയാസങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കണമെന്നും പറഞ്ഞ് മൂസക്കുട്ടി പൊട്ടിക്കരയുന്ന വീഡിയോയാണ് പുറത്തുവന്നത്.

2020 ജനുവരിയിലാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബ വിവാഹിതയായത്. വിവാഹ സമയത്ത് 18 പവന്‍ സ്ത്രീധനമായി നല്‍കിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ ആറ് പവന്‍ കൂടി നല്‍കി. ഇതിന് ശേഷം ഹിബയുടെ ഭര്‍ത്താവ് വീണ്ടും പത്ത് പവന്‍ കൂടി ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞ സ്വര്‍ണം നല്‍കിയില്ലെങ്കില്‍ മകളെ മൊഴി ചൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി. മകളെ കൊണ്ട് നടക്കുന്നത് ഒരു താത്ക്കാലിക അഡ്ജസ്റ്റ്‌മെന്റ് ആണെന്നും ഭര്‍ത്താവ് മൂസക്കുട്ടിയോട് പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് മൂസക്കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. മൂസക്കുട്ടി റെക്കോര്‍ഡ് ചെയ്ത വീഡിയോയും കുടുംബം പോലീസിന് കൈമാറിയിട്ടുണ്ട്.