ഇറ്റലിയുടെ ഡ്രോൺ നിർമ്മാണ കമ്പനി ഇനി ചൈനയുടെ നിയന്ത്രണത്തിൽ. ആൽപി ഏവിയേഷനെയാണ് ചൈനീസ് കമ്പനി വാങ്ങിയത്. ഇറ്റലിയുടെ ഡ്രോണുകൾ, ആളില്ലാ വിമാനങ്ങൾ എന്നിവ നിർമ്മിക്കുന്ന മികച്ച സ്ഥാപനമാണ് ചൈനയുടെ കയ്യിലെത്തിയത്. പ്രതിരോധ രംഗത്ത് ഏറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഉടമസ്ഥതാ മാറ്റം ഇറ്റലി വൈകിയാണ് അറിഞ്ഞതെന്നാണ് സൂചന.കമ്പനിയുടെ മാനേജർ ചുമതകൾ വഹിച്ചിരുന്ന ആറുപേരെ ഇറ്റാലിയൻ പ്രതിരോധ വകുപ്പ് അറസ്റ്റ് ചെയ്തു.

സൈനികമായ കയറ്റുമതി-ഇറക്കുമതി നിയമങ്ങളുടെ ലംഘനം, വിദേശനാണയ വിനിമയ ചട്ടം എന്നിവ തെറ്റിച്ചതിന്റെ പേരിലാണ് ഇറ്റാലിയൻ പ്രതിരോധ വകുപ്പ് ആൽപി ഏവിയേഷന്റെ മാനേജർമാർക്കെതിരെ നടപടി എടുത്തത്. ഇറ്റലിയുടെ പ്രതിരോധ നിയമത്തിൽ ഏറെ പ്രാധാന്യമുള്ള ഗോൾഡൻ-പവർ എന്ന ചട്ടമാണ് സൈനിക മേഖലയിലെ വിദേശകയറ്റുമതി നിയമമായി പറയുന്നത്. 2012ൽ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളെ നിയന്ത്രിക്കാൻ വേണ്ടിയാണ് നിയമം കൊണ്ടുവന്നത്.

2018ലാണ് ചൈനീസ് കമ്പനി രഹസ്യമായി ആൽപി ഏവിയേഷന്റെ 75 ശതമാനം ഓഹരിയും കൈക്കലാക്കിയത്. ഹോങ്കോംഗ് കേന്ദ്രമായ മാർസ് ഇൻഫോർമേഷൻ ടെക്‌നോളജി എന്ന കമ്പനിയാണ് തന്ത്രപൂർവ്വം ഇറ്റാലിയൻ കമ്പനിയെ വിഴുങ്ങിയത്. ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള രണ്ട് കമ്പനികൾ ചേർന്നാണ് ഇറ്റാലിയൻ കമ്പനിയെ വാങ്ങിയത്. കമ്പനിയുടെ ചുമതലക്കാർ മാറിയ വിവരം പ്രതിരോധ വകുപ്പ് അറിഞ്ഞത് പോലും രണ്ടു വർഷത്തിന് ശേഷമാണ്. ചൈനയുടെ നീക്കം ഇറ്റാലിയൻ ഭരണകൂടത്തിനെ വെട്ടിലാക്കി യിരിക്കുകയാണ്.