വാഹനങ്ങളുടെ ഹോണുകളിൽ ഉടൻ സംഗീത ഉപകരണങ്ങളുടെ ശബ്ദങ്ങൾ വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നാസിക്കിലെ ഹൈവേയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസുകളിലേയും പോലീസ് വാഹനങ്ങളിലേയും ഹോണുകൾ മാറ്റുന്നതും പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.ആകാശവാണിയിലൂടെ രാവിലെ കേൾക്കുന്ന സംഗീതം പോലെ ഇനി ആംബുലൻസുകളിലും ഇത് സ്ഥാപിക്കുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ-ഡൽഹി ഹൈവേ നിർമ്മാണത്തിനായി ഒരു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. അതേസമയം വാസായിലെ ഹൈവേയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ബാന്ദ്രവർലിയെ ബന്ധിപ്പിക്കാൻ കടലിലൂടെ പാലം പണിയുന്നത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. പാലം വരുന്നതോടെ നരിമാൻ പോയിന്റ് മുതൽ ഡൽഹി വരെയുളള യാത്ര എളുപ്പമാകും. ഇതോടെ ഡൽഹി വരെയുളള യാത്രയ്‌ക്ക് 12 മണിക്കൂർ മാത്രമേ എടുക്കുകയുളളൂ.

ഓരോ വർഷവും ഇന്ത്യയിൽ 5 ലക്ഷം വാഹന അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. 1.5 ലക്ഷത്തോളം ജീവനുകളാണ് അപകടങ്ങൾ അപഹരിക്കുന്നത്. മുംബൈ-പൂനെ ഹൈവേയിലെ അപകടങ്ങൾ 50 ശതമാനം കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേയും അപകടമരണങ്ങളിലും 50 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ അപകടങ്ങൾ മൂലം മരിക്കുന്നവരുടെ നിരക്ക് വളരെ കൂടുതലാണ്.അതിനാൽ വാഹനങ്ങൾക്ക് ആറ് എയർബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു.