കപിൽ സിബലിന്റെ വീടിനു മുന്നിലെ പ്രതിഷേധത്തിനെതിരെ രംഗത്തുവന്ന പി.ചിദംബരത്തെ മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് വിമർശിച്ചു.

പാർട്ടി ഫോറങ്ങളിൽ അർഥവത്തായ സംഭാഷണമില്ലാത്തതിൽ തനിക്കു നിസ്സഹായത തോന്നുന്നുവെന്നും സിബലിന്റെ വീടിനു മുന്നിലെ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ നൊമ്പരമുണ്ടാക്കുന്നുവെന്നുമാണ് ചിദംബരം ട്വിറ്ററിലൂടെ പറഞ്ഞത്; മിണ്ടാതിരിക്കുകയെന്നതാണ് സുരക്ഷിതമെന്നും.

എന്നാൽ, ചിദംബരം പറയുന്ന സംഭാഷണത്തിന് അദ്ദേഹത്തിനുതന്നെ മുൻകൈയെടുക്കാമായിരുന്നുവെന്ന് സൽമാൻ ഖുർഷിദ് സമൂഹ മാധ്യത്തിലിട്ട കുറിപ്പിൽ പറഞ്ഞു. ‘തീർച്ചയായും സംസാരിക്കണം.

വെറുതെ സംസാരിക്കുകയല്ല, പരസ്പരം സംസാരിക്കണം. രോഷം പ്രകടിപ്പിച്ച യുവ പ്രവർത്തകരോടു സംസാരിക്കുന്നതും ന്യായമാണ്. ലക്ഷ്യം നമ്മളല്ലാത്തപ്പോൾ അവരുടെതരം നടപടികളെ നമ്മൾ അപലപിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. സാധാരണ പ്രവർത്തകരാണ് നമ്മെ നാമാക്കിയത്. അവരില്ലെങ്കിൽ നമ്മൾ വെറും പേരുകൾ മാത്രമാണ്. പ്രോത്സാഹിപ്പിച്ചാൽ അവർ പറഞ്ഞുതരും നമ്മുടെ തെറ്റുകളെന്തെന്ന്’– ഖുർഷിദ് പറഞ്ഞു.

അഴിമതിയാരോപണത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നാലെ 2008 ൽ പാർട്ടി വിടുകയും ചെയ്ത നട്‌വർസിങ്ങും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് രംഗത്തെത്തി. കോൺഗ്രസ് കുത്തഴിഞ്ഞ സ്ഥിതിയിലാണെന്നും പദവി പോലുമില്ലാത്ത രാഹുൽ ഗാന്ധിയും വേറെ 2 നേതാക്കളുമാണ് ഉത്തരവാദികളെന്നും നട്‌വർ ആരോപിച്ചു.