പ്രവാസികള്‍ക്കും ഡയറ്റ് ശീലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രാത്രി ഡിന്നറിനു ശീലിക്കാവുന്ന ഒരു സാലഡ് ആണ് ഇത്. നല്ല ശോധനയ്ക്കും നല്ല ഉറക്കത്തിനും എല്ലാം ഡയറ്റ് സാലഡ് ഉത്തമമാണ്. ഇനി, ഡയറ്റ് സാലഡ് തയ്യാറക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകകള്‍

1 ) കാരറ്റ് ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം ബീറ്റ്റൂട്ട് ചേര്‍ക്കാം; ബീറ്റ്റൂട്ട് ആണ് ചേര്‍ക്കുന്നതെങ്കില്‍ ഒന്ന് ആവി കയറ്റി പച്ചമണം കളഞ്ഞാല്‍ കൂടുതല്‍ നല്ലതു)
2 ) ക്യാബേജ് ചെറുതായി അരിഞ്ഞത് – അര കപ്പ് (ഇതിനു പകരം ലാറ്റിയൂസ് / വയലറ്റ് ക്യാബേജ് / പല നിറങ്ങളിലുള്ള കാപ്സികം എന്നിവ ചേര്‍ക്കാം)
3 ) ക്യൂകമ്ബര്‍ / സാലഡ് വെള്ളരി ചെറുതായി അരിഞ്ഞത് – ഒരു കപ്പ്
4 ) ആപ്പിള്‍ ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം പൈനാപ്പിള്‍ / സ്ട്രോബെറി / പപ്പായ / തണ്ണിമത്തന്‍ / പഴം /മാതളം ഏതെങ്കിലും ഒന്ന് ചേര്‍ക്കാം)
5 ) പേരയ്ക്ക ചെറുതായി അരിഞ്ഞത് – ഒരു കപ്പ് (ഇതിനു പകരം പച്ച ആപ്പിള്‍ / പിയര്‍ / മുളപ്പിച്ച ചെറുപയര്‍ / ആവി കയറ്റിയ ചോളം / അവഗാഡോ ഏതെങ്കിലും ഒന്ന് ചേര്‍ക്കാം)
6 ) വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 2 റ്റീസ്പൂണ്‍
7 ) ചെറിയുള്ളി പൊടിയായി അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
8 ) ഉപ്പു – ഇഷ്ടമനുസരിച്ചു
9 ) കുരുമുളക് തരുതരുപ്പായി പൊടിച്ചത് – ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ക്കുക
10 ) ചെറുനാരങ്ങാ നീര് – ഒന്നര ടേബിള്‍ സ്പൂണ്‍
11 ) എക്സ്ട്രാ വിര്‍ജിന്‍ ഒലിവോയില്‍ – ഒരു ടേബിള്‍ സ്പൂണ്‍ (ഇതിനു പകരം വിര്‍ജിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിക്കാം )
12 ) ശുദ്ധമായ തേന്‍ – ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു വലിയ ബൗളില്‍ തേന്‍ ഒഴികെ മറ്റെല്ലാ ചേരുവകകളും കൂടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കി മറിച്ചു യോജിപ്പിക്കുക. വിളമ്ബുന്നതിനായി ചെറിയ ബൗള്‍ രണ്ടെണ്ണം എടുത്തു അതിലേക്കു പകര്‍ത്തുക. അര ടേബിള്‍സ്പൂണ്‍ തേന്‍ വീതം ഓരോ ബൗളിനു മുകളില്‍ ചുറ്റിച്ചു ഒഴിച്ച്‌ കഴിക്കാവുന്നതാണ്.

 

ഇത് നല്ലൊരു സമീകൃതമായ ആഹാരമാണ്. പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും മാറി മാറി ഉപയോഗിക്കാന്‍ ശ്രമിക്കുക. ഒരു പച്ചക്കറികളും പഴങ്ങളും തന്നെ തുടര്‍ച്ചയായി കഴിക്കാതിരിക്കുക. എല്ലാത്തിലും കോമണ്‍ ആയി ചെറിയുള്ളി, വെളുത്തുള്ളി, ഒലിവോയില്‍, ചെറുനാരങ്ങാനീര്, ഉപ്പു, തേന്‍ എന്നിവ ചേര്‍ക്കാം. മറ്റു ചേരുവകകള്‍ മാറി മാറി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണ രീതികള്‍ ശീലിക്കുക.