കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ തായ് വാന്‍ പ്രതിനിധി സംഘം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. തായ് വാന്‍ ടൂറിസത്തെയും കേരളാ ടൂറിസത്തെയും സംബന്ധിച്ച്‌ മന്ത്രിയുമായി സംസാരിച്ചു. കേരളാടൂറിസവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പ്രതിനിധികള്‍ അറിയിച്ചു.

ഞായറാഴ്ചയാണ് തായ് വാന്‍ പ്രതിനിധികള്‍ കേരളത്തിലെത്തിയത്. രണ്ട് ദിവസം കേരളത്തില്‍ ചെലവഴിച്ചു. കുമരകത്തും കൊച്ചി ബിനാലെയുടെ ഭാഗമായി നടക്കുന്ന ലോകമേ തറവാട് പ്രദര്‍ശനവും സന്ദര്‍ശിച്ചു.

കേട്ടറിഞ്ഞതിനേക്കാള്‍ വലിയ അനുഭവമായിരുന്നു കേരളത്തില്‍ ഉണ്ടായതെന്ന് പ്രതിസിനിധി സംഘം പറഞ്ഞു. ഹൈഡല്‍ ടൂറിസം, വാട്ടര്‍ ടൂറിസം, ഹെലികോപ്റ്റര്‍ ടൂറിസം തുടങ്ങി ടൂറിസം മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദശിക്കുന്നപദ്ധതികളെ കുറിച്ച്‌ മന്ത്രി വിശദീകരിച്ചു, ടൂറിസം രംഗത്തെ വിദേശനിക്ഷേപത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്തു. തായ് വാനുമായി ചേര്‍ന്ന് ചെയ്യാവുന്ന കാര്യങ്ങളെ സംബന്ധിച്ച്‌ ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു.

തായ്പേയ് ഇക്കണോമിക് ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ വെന്‍ വാംഗ്, സൂസന്‍ ചെംഗ്, ലൂറന്‍, ജൂല്‍സ് ഷിഹ്, സായ് സുധ, ബെറ്റിന ചെറിയാന്‍, അജു ആന്‍റണി, ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസ് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു