മുംബൈ: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലൊഴുകി പോയി. മഹാരാഷ്ട്രയിലെ യവാത്മലില്‍ ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നദിയില്‍ ഒഴുകിപ്പോയത്.

മുന്നറിയിപ്പ് അവഗണിച്ചാണ് ബസ് പാലം മുറിച്ചുകടക്കുന്നതിനായി മുന്നോട്ട് പോയതെന്ന് പ്രദേശവാസികള്‍ പറയുന്നു. പാലത്തില്‍ കയറി കുറച്ച്‌ ദൂരം പിന്നിട്ടപ്പോള്‍ ശക്തമായ ഒഴുക്കില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നന്തേഡില്‍ നിന്ന് നാഗ്പുരിലേക്ക് പോകുന്ന ബസായിരുന്നു ഇത്.

നിയന്ത്രണം നഷ്ടപ്പെട്ട ബസ് നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളത്തിലേക്ക് മറിഞ്ഞ് ഒഴുകി പോവുകയായിരുന്നു. ഉച്ചയോടെ രക്ഷപ്രവര്‍ത്തകര്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും രണ്ട് യാത്രക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. എട്ടു പേരായരുന്നു ബസിലുണ്ടായിരുന്നത്.

ബസിലെ മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്.

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. സഞ്ജയ്, ആന്റോ, പൂര്‍ണേഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്ബത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകനാണ് പൂര്‍ണേഷ്. കോയമ്ബത്തൂര്‍ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും.

കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളാണ് ഇവര്‍. തമിഴ്നാട് സുന്ദരാപുരം സ്വദേശികളാണ് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയത്. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.

ആദ്യം വെള്ളത്തില്‍ പെട്ട സഞ്ജയ് കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൂര്‍ണേഷും ആന്റോ ജോസഫും അപകടത്തില്‍ പെട്ടത്. കൂടുതല്‍ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളില്‍ മുങ്ങിത്താഴുകയായിരുന്നു.

കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴ തിരച്ചിലിന് തിരിച്ചടിയായിരുന്നു.

ഇന്ന് രാവിലെ പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.