ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി ഒഡീഷ സ്വദേശിയായ മൃത്യുഞ്ജയ് നായക് എന്ന കുട്ടി. വെറും രണ്ട് വര്‍ഷവും ഒന്‍പത് മാസവും മാത്രം പ്രായമുള്ള സുഭം എന്ന് വിളിപ്പേരുള്ള മൃത്യുഞ്ജയ് നായക് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനൊപ്പം കലാം വേള്‍ഡ് ബുക്ക് റെക്കോര്‍ഡും സ്വന്തമാക്കി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഭൂമിയിലെ വിവിധ ഭൂഖണ്ഡങ്ങള്‍, രാജ്യങ്ങള്‍, നഗരങ്ങള്‍, തലസ്ഥാനങ്ങള്‍, രാജ്യങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ വരെയുള്ള എല്ലാ പേരുകളും ഈ കുഞ്ഞുതലയില്‍ ഭദ്രമാണ്.

രാജ്യങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, തലസ്ഥാനങ്ങള്‍, നഗരങ്ങള്‍, ഭൂഖണ്ഡങ്ങള്‍ എന്നിവയുടെ പേരുകള്‍ നിമിഷങ്ങള്‍കൊണ്ട് മൃത്യുഞ്ജയ് വളരെ എളുപ്പത്തില്‍ ഓര്‍ത്തെടുത്തു പറയും. കൂടാതെ പ്രധാനമന്ത്രിമാര്‍, മന്ത്രിമാരുടെ കൗണ്‍സിലുകള്‍, വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍ എന്നിവയുടെ പേരുകളും സുഭം എന്ന മൃത്യുഞ്ജയ് അനായാസേന ഓര്‍മയില്‍ നിന്നും എടുത്ത് പറയും. പൊതുവിജ്ഞാനം മാത്രമല്ല, ശ്ലോകങ്ങളും മന്ത്രങ്ങളും നന്നായി വായിക്കാനും ഈ കൊച്ചു മിടുക്കന് കഴിയും.

നിമിഷ നേരം കൊണ്ട് വളരെ കൃത്യമായി ഇവയെല്ലാം ഓര്‍ത്തെടുത്തു പറയുന്ന മൃത്യുഞ്ജയുടെ ഓര്‍മശക്തിയെയും ബുദ്ധിയെയും അഭിനന്ദിച്ച്‌ ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും പ്രശംസ എത്തുകയാണ്. ലോക്ക്ഡൗണ്‍ സമയത്തതാണ് മൃത്യുഞ്ജയ് അക്ഷരങ്ങളും അക്കങ്ങളും പല കാര്യങ്ങളും വളരെ വ്യക്തമായി ഓര്‍മയില്‍ നിന്നെടുത്ത പറയുന്നത് മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത്. അതിനു ശേഷമാണ് രാജ്യങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, തലസ്ഥാനങ്ങള്‍, നഗരങ്ങള്‍, ഭൂഖണ്ഡങ്ങള്‍ എന്നിവയെ അവനു പരിചയപ്പെടുത്തുന്നത്. അവന്‍ വളരെ വേഗം അവയെ ഹൃദ്യസ്ഥമാക്കുകയും അനായാസേന ഓര്‍മയില്‍ നിന്നും അവ കൃത്യമായി പറയുകയും ചെയ്തു എന്ന് മൃത്യുഞ്ജയ് നായ്കിന്റെ പിതാവ് പ്രതാപ് നായക് പറയുന്നു.

സാധാരണക്കാര്‍ക്ക് കഴിയുന്നതിനേക്കാള്‍ വേഗത്തില്‍ വായിക്കുന്നവ മനഃപാഠമാക്കാനുള്ള കഴിവ് മൃത്യുഞ്ജയ് പ്രകടിപ്പിച്ചിരുന്നു. വായനയിലും മൃത്യുഞ്ജയ് മുന്‍പന്തിയിലാണ്. ഉത്സാഹിയായ വായനക്കാരനാണ് ഈ കൊച്ചു കുരുന്ന്. തനിക്കാവുന്നതെല്ലാം വായിക്കാന്‍ ശമിക്കുകയും ചെയ്യും. കാര്യങ്ങള്‍ വളരെ വേഗം ഗ്രഹിക്കാനുള്ള കഴിവാണ്‌അവന്റെ മാതാപിതാക്കള്‍ ആദ്യമായി ശ്രദ്ധിക്കുന്നത്. ‘അവന്‍ എല്ലാം എളുപ്പത്തില്‍ മനസിലാക്കുന്നുണ്ടായിരുന്നു. രാജ്യങ്ങളുടെയും അവരുടെ തലസ്ഥാനങ്ങളുടെയും പ്രധാന നേതാക്കളുടെയും പേരുകള്‍ ഞാന്‍ അവനെ പഠിപ്പിച്ചു, അവന്‍ എല്ലാം നന്നായി ഓര്‍ത്തു. അവനു താല്‍പ്പര്യമുള്ളതനുസരിച്ച്‌ ഞങ്ങള്‍ അവനെ പഠിപ്പിക്കുന്നു, ‘ മൃത്യുഞ്ജയ് നായ്കിന്റെ അമ്മ ദിപാഞ്ജലി നായക് പറഞ്ഞു.

ഒഡിഷയില്‍ നിന്നും കലാം വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം ആദ്യ കുട്ടിയാണ് സുഭം എന്ന മൃത്യുഞ്ജയ് നായക്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ഒഡിഷയില്‍ നിന്നും വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടുന്ന ആദ്യ വ്യകതിയാണ് മൃത്യുഞ്ജയ്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിനൊപ്പം കലാം വേള്‍ഡ് ബുക്ക് റെക്കോര്‍ഡും സ്വന്തമാക്കിയ മൃത്യുഞ്ജയ് നായക് ഇപ്പോള്‍ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടാനായുള്ള കഠിനമായ പരിശീലനത്തിലാണ്