പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് നടന്‍ ബാലയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ഡ്രൈവര്‍ അജി നെട്ടൂര്‍. പുരാവസ്തു എന്ന പേരില്‍ വസ്തുക്കള്‍ പലതും കിട്ടിയത് എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണെന്നും അജി നെട്ടൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടന്‍ ബാലയുടെ വെളിപ്പെടുത്തലുകള്‍ നുണയാണെന്നും അജി നെട്ടൂര്‍ വെളിപ്പെടുത്തി.

അജി നെട്ടൂരിന്റെ പ്രതികരണം; ‘ബാലച്ചേട്ടന്‍ പറയുന്നത് നുണയാണ്. കഴിഞ്ഞ മാസം ബാല വിവാഹിതനാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് അദ്ദേഹത്തെ വിളിക്കുന്നത്. വ്യക്തിപരമായി സംസാരിച്ചത് ബാലച്ചേട്ടന്റെ വിവാഹകാര്യം മാത്രമാണ്. മോന്‍സണുമായുള്ള ശമ്പളത്തിന്റെ പ്രശ്‌നം പറഞ്ഞ് ബാലയെ ഒരിക്കല്‍പോലും വിളിച്ചിട്ടില്ല. നാല് മാസം മുന്‍പാണ് ഇതൊക്കെ നടന്നതെന്നാണ് ബാല പറഞ്ഞത്. അതും തെറ്റാണ്. കഴിഞ്ഞമാസം വിവാഹക്കാര്യം അറിഞ്ഞപ്പോള്‍ വിളിച്ചതാണ്. ബാലച്ചേട്ടന് മോന്‍സണ്‍ കൊടുത്ത സാധനങ്ങളില്‍ ചിലത് ചില ജ്വല്ലറികളില്‍ കാണിച്ചപ്പോള്‍ ഒറിജിനലല്ലെന്ന് മനസിലായതായി അദ്ദേഹം എന്നോട് പരാതി പറഞ്ഞിരുന്നു.

‘എനിക്കെതിരെ മോന്‍സണ്‍ സാര്‍ നല്‍കിയ പരാതി കള്ളക്കേസാണെന്നും അത് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതില്‍ ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ചിന് മൊഴി നല്‍കി തിരികെ വരുമ്പോഴായിരുന്നു ബാല വീണ്ടും വിളിച്ചത്. കേസ് എല്ലാം ഒഴിവാക്കാമെന്നും മോന്‍സണ്‍ സാറിനെതിരെ ഇനി മോശമായിട്ടൊന്നും പറയരുതെന്നും ബാലച്ചേട്ടന്‍ പറഞ്ഞു. അനൂപ് അഹമ്മദുമായി ബാലച്ചേട്ടന് 5 ലക്ഷം രൂപയുടെ ഇടപാടുണ്ടായിരുന്നു. അതില്‍ ഇടനില നിന്നത് ഞാനാണ്.

പുരാവസ്തു എന്ന പേരില്‍ തട്ടിപ്പാണ് നടത്തിയതെന്ന് അറിയില്ലായിരുന്നു. ആ വസ്തുക്കളില്‍ കാല്‍ശതമാനവും മട്ടാഞ്ചേരിയില്‍ നിന്ന് സംഘടപ്പിച്ചവയായിരുന്നു. 70 ശതമാനത്തോളം സാധനങ്ങളും തിരുവനന്തപുരത്തുള്ള സന്തോഷ് എന്നയാളുടെ പക്കല്‍ നിന്നും ബാക്കി കോയമ്പത്തൂരുള്ള ഡോ. പ്രഭു എന്നയാളുടെ പക്കല്‍ നിന്നും വാങ്ങിയതാണ്’. തന്റെ ജീവന് ഭീഷണിയുണ്ടെന്നും അജി നെട്ടൂര്‍ പ്രതികരിച്ചു.

അജി നെട്ടൂരും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പത്ത് വര്‍ഷക്കാലം മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറായിരുന്നു അജി നെട്ടൂര്‍. ഇദ്ദേഹത്തിന്റെ സുഹൃത്തിനെ മോന്‍സണ്‍ തട്ടിപ്പിനിരയാക്കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് അജിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസിന്റെ ഭാഗത്തു നിന്നുള്‍പ്പെടെ അജിക്ക് പീഡനമേല്‍ക്കേണ്ടി വന്നു. ഇതിന് പിന്നാലെ മോന്‍സണിനെതിരെ അജിയും പരാതി നല്‍കി. ഇതോടെയാണ് ബാലയുടെ ഇടപെടല്‍.

മോന്‍സണ്‍ മാവുങ്കലിന്റെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളാണ് ബാല. ഈ ഒരു ബന്ധത്തിന്റെ പുറത്താണ് ബാല വിഷയത്തില്‍ ഇടപെട്ടത്. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നുണ്ട്.