തിരുവനന്തപുരം: മിതമായ നിരക്കില്‍ സംസ്ഥാനത്തു 140 നിയോജക മണ്ഡലങ്ങളിലും ഭക്ഷണം നല്‍കുന്ന സര്‍ക്കാരിന്റെ ‘സുഭിക്ഷ ഹോട്ടല്‍’ പദ്ധതിക്ക് ഇന്നു തുടക്കം. ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയില്‍ ഹോട്ടലില്‍ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്. ഓരോ ഊണിനും സബ്‌സിഡിയായി അഞ്ച് രൂപ നടത്തിപ്പുകാര്‍ക്കു സര്‍ക്കാര്‍ നല്‍കും.

പദ്ധതിക്ക് ഇന്ന് മന്ത്രി ജി.ആര്‍.അനില്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ജില്ലകളിലും കലക്ടര്‍ അധ്യക്ഷനും ജില്ലാ സപ്ലൈ ഓഫിസര്‍ കണ്‍വീനറുമായി 10 പേര്‍ അടങ്ങുന്ന സമിതിക്കാണു പദ്ധതിയുടെ മേല്‍നോട്ടം. ഈ സമിതി നിശ്ചയിക്കുന്ന നിരക്കില്‍ കൂടുതല്‍ വിഭവങ്ങള്‍ക്ക് ഈടാക്കാന്‍ പാടില്ല.

ഹോട്ടല്‍ തുടങ്ങാനുള്ള സ്ഥലം തദ്ദേശ സ്ഥാപനം കണ്ടെത്തി നല്‍കിയാല്‍ അവിടെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 10 ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും. ഫര്‍ണിച്ചറും പാചക ഉപകരണങ്ങളും മറ്റും സന്നദ്ധ സംഘടനകള്‍ വഴിയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും വാങ്ങാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച പദ്ധതി പ്രളയവും കോവിഡും മൂലം നടപ്പായില്ല.