വനിതാ ബിഗ് ബാഷ് ലീഗിലെ അടുത്ത സീസണിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം അഞ്ചായി. യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിച്ച ഘോഷ് ആണ് അവസാനമായി വനിതാ ബിബിഎലിലെത്തിയത്. ഹൊബാർട്ട് ഹറികെയ്‌ൻസ് ആണ് 17കാരിയായ താരത്തെ ടീമിൽ എത്തിച്ചിരിക്കുന്നത്. റിച്ച ആദ്യമായാണ് ഒരു വിദേശ ലീഗിൽ കളിക്കുന്നത്.

ഓപ്പണർമാരായ സ്മൃതി മന്ദന, ഷഫാലി വർമ്മ എന്നിവർക്കൊപ്പം ഓൾറൗണ്ടർ ദീപ്തി ശർമ്മ, ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ രാധ യാദവ് എന്നിവരാണ് ബിഗ് ബാഷ് ടീമുകളിലേക്ക് ഇടം നേടിയ മറ്റ് ഇന്ത്യൻ വനിതകൾ. ഷഫാലി, മന്ദന, ദീപ്തി എന്നിവർ അടുത്തിടെ ‘ദി ഹണ്ട്രഡ്’ ടൂർണമെൻ്റിൽ കളിച്ചിരുന്നു. മന്ദന ഒഴികെ മറ്റ് മൂന്ന് താരങ്ങളും ഇത് ആദ്യമായാണ് ബിഗ് ബാഷിൽ കളിക്കുക. മന്ദന മുൻപ് രണ്ട് സീസണുകളിൽ ബിഗ് ബാഷ് കളിച്ചിട്ടുണ്ട്.

ദീപ്തി ശർമ്മ, സ്മൃതി മന്ദന എന്നിവരെ സിഡ്നി തണ്ടർ ആണ് ടീമിലെത്തിച്ചത്. ഹണ്ട്രഡിൽ നിന്ന് പിന്മാറീയ ഇംഗ്ലീഷ് താരങ്ങളായ ഹെതർ നൈറ്റ്, തമി ബ്യൂമൊണ്ട് എന്നിവർക്ക് പകരക്കാരായാണ് ഇന്ത്യൻ താരങ്ങൾ ടൂർണമെൻ്റിൽ പാഡണിയുക. നേരത്തെ, ബ്രിസ്ബേൻ ഹീറ്റ്, ഹൊബാർട്ട് ഹറികെയ്‌ൻസ് എന്നീ ടീമുകൾക്കാണ് മുൻപ് സ്മൃതി കളിച്ചിട്ടുള്ളത്. ദീപ്തി ബിബിഎലിൽ കളിച്ചിട്ടില്ലെങ്കിലും ദി ഹണ്ട്രഡിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനു തുണയായത്.

ഷഫാലി, രാധ എന്നിവർ സിഡ്നി സിക്സേഴ്സിൽ കളിക്കും. ദി ഹണ്ട്രഡിൽ ബിർമിംഗ്‌ഹാം ഫീനിക്സിനായി കളിച്ച താരം ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തിയത്. രാധ യാദവ് മുൻപ് ഒരു വിദേശ ലീഗിലും കളിച്ചിട്ടില്ല. അതേസമയം, ദി ഹണ്ട്രഡിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്തിയ ജമീമ റോഡ്രിഗസിനെ ബിബിഎലിൽ ഇതുവരെ ഒരു ടീം പോകും പരിഗണിച്ചില്ലെന്നത് അത്ഭുതമാണ്.