അടുത്തിടെ സന്തോഷ്‌ പണ്ഡിറ്റ് ഗസ്റ്റ് ആയി എത്തിയ ടി വി ഷോ വിവാദമാകുന്നു. ഷോയിലേക്ക് അതിഥിയായി വിളിച്ച്‌ വരുത്തിയ സന്തോഷ് പണ്ഡിറ്റിനെ ഷോയില്‍ പങ്കെടുത്ത നടിമാര്‍ അപമാനിച്ചുവെന്നാണ് ഉയരുന്ന ആരോപണം. സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ നടി നവ്യാ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. സിനിമയിലും സീരിയലുകളിലുമൊക്കെയുള്ള താരങ്ങള്‍ അണിനിരക്കുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലാണ് താരത്തിനെതിരെ നടിയും അവതാരികയുമായ നാവ്യാ നായര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണെങ്കിലും ബോഡി ഷെയിമിങ് നടത്തുന്നു എന്ന വലിയ വിമര്‍ശനം ഈ പരിപാടിയ്‌ക്കെതിരെ ഉയര്‍ന്നു കേട്ടിരുന്നു. സന്തോഷ് പണ്ഡിറ്റ് അതിഥിയായിട്ടെത്തിയതിന് ശേഷമാണ് വിമര്‍ശനം ശക്തമായത്. ഒരു പ്രേക്ഷകര്‍ സംഭവത്തേക്കുറിച്ച്‌ വിശദീകരിച്ചെഴുതിയ കുറിപ്പാണ് വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംഭവത്തില്‍ കൂടുതല്‍ ചര്‍ച്ചകളും വിമര്‍ശനങ്ങളുമാണ് നടക്കുന്നത്.

‘മുന്‍പും പല രീതിയില്‍ ഉള്ള വിമര്‍ശങ്ങള്‍ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാര്‍ മാജിക്‌. അതില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതല്‍ ആണ് എന്നുള്ളതാരുന്നു. സാബു മോന്‍ ഗസ്റ്റ് ആയി വന്നപ്പോള്‍ അത് ആ ഷോയില്‍ തന്നെ പറയുകയും ചെയ്തു. എങ്കില്‍ പോലും ഇതിലെ പല സ്കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചന്‍ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകര്‍ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമര്‍ശങ്ങള്‍ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവര്‍ കൂട്ടുകാര്‍ തമ്മില്‍ കളിയാക്കുന്നത് ആണ്, അല്ലെങ്കില്‍ പാവം കലാലരന്മാര്‍ ആണ് എന്നുള്ളതാണ്.

അത് അങ്ങനെ കണ്ടാല്‍ തന്നെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേര്‍ന്ന് ചെയ്തത്. അതിനു മുന്നില്‍ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായര്‍ നിത്യ ദാസ് എന്നിവര്‍ ആയിരുന്നു. ഒരു അര്‍ത്ഥത്തില്‍ ഇവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരന്‍ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാന്‍ പാടുള്ളതല്ല. ഏറ്റവും സന്തോഷം തോന്നിയ കാര്യം കണ്ട ഭൂരിഭാഗം ആളുകള്‍ക്കും ഇതേ അഭിപ്രായം ആണെന്നുള്ളതാണ്’, വൈറലായ കുറിപ്പില്‍ പറയുന്നു.