പുരാവസ്തുവിന്റെ പേരില്‍ നടന്ന കോടികളുടെ തട്ടിപ്പുകേസില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റും ഐ.ബിയുമാണ് ഇതു സംബന്ധമായി പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുന്നത്.

തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മാത്രമല്ല, പരാതി നല്‍കിയവരുടെയും സാമ്ബത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ഡി.ഐ.ജി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ 25 ലക്ഷവും, എം.പിയുടെ സാന്നിധ്യത്തില്‍ 25 ലക്ഷവും നല്‍കിയതായ പരാതിക്കാരുടെ ആരോപണവും ഗൗരവമായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. ഇത്രയും വലിയ തുക നിയമ വിരുദ്ധമായാണ് നല്‍കിയതെന്ന് തെളിഞ്ഞാല്‍ കേസിലെ പരാതിക്കാരും പ്രതികളാകും.

അറുപത് കോടിയോളം രൂപ മോന്‍സണ്‍ തട്ടിയെടുത്തതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതില്‍ പത്തു കോടി നഷ്ടപ്പെട്ടവരാണ് പരാതി നല്‍കിയിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് പത്തു കോടി മാത്രമാണോ നഷ്ടമായതെന്നതും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. പരാതിക്കാരുടെയും മോന്‍സന്റെയും അക്കൗണ്ട് വിശദാംശങ്ങള്‍, സാമ്ബത്തിക സോത്രസ് എന്നിവ കേന്ദ്ര ഏജന്‍സികള്‍ കൂടി പരിശോധിക്കുന്നതോടെ, കേസിന്റെ ഗൗരവവും വര്‍ദ്ധിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ചിനോട് എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അതും അവര്‍ക്ക് നല്‍കേണ്ടി വരും.

അതേസമയം, കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥനായ ഐ.ജി ലക്ഷ്മണയുടെ വഴിവിട്ട ഇടപാട് സംബന്ധിച്ച്‌ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് ഐ.ബി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിനും സാധ്യത ഏറെയാണ്. കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ഉള്‍പ്പെടെയുള്ള പരാതികളില്‍ നടപടി സ്വീകരിക്കാന്‍ സി.ബി.ഐയുടെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന്, സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല. ആരോപണ വിധേയനായ മുന്‍ ഡി.ഐ.ജി സുരേന്ദ്രന്‍ നിലവില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനാല്‍, വകുപ്പ് തല നടപടിക്ക് സാധ്യത ഇല്ലങ്കിലും, കേസ് മുറുകിയാല്‍, ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കപ്പെടുന്ന സാഹചര്യമുണ്ടാകും.

 

 

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റ രണ്ടു തവണയാണ് സന്ദര്‍ശനം നടത്തിയിരിക്കുന്നത്. ഇതില്‍ ഒരു തവണ എ.ഡി.ജി.പി മനോജ് എബ്രഹാമിനെയും ഒപ്പംകൂട്ടിയാണ് ബഹ്‌റ സന്ദര്‍ശനം നടത്തിയിരുന്നത്. പോകാന്‍ മനസ്സില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച്‌ മനോജ് എബ്രഹാമിനെ കൊണ്ടു പോകുകയായിരുന്നു എന്നാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. ഈ വിവരം അന്വേഷണ ഏജന്‍സികള്‍ക്കും ലഭിച്ചിട്ടുണ്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമിന് അന്ന് തോന്നിയ ചില സംശയങ്ങള്‍ അദ്ദേഹം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതായ വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി അട്ടിമറിക്കാന്‍, കേസ് അന്വേഷണത്തില്‍ ഇടപെട്ടതിന്, ഐജി ലക്ഷ്മണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും എ.ഡി.ജി.പി മനോജ് എബ്രഹാമാണ്. 2020 ഓക്ടോബറിലാണ് എഡിജിപി ലക്ഷ്മണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്.

മോന്‍സണെതിരെ നേരത്തെ, ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ രണ്ട് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, ആലപ്പുഴ എസ്.പി. ഈ രണ്ട് കേസും ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ അന്വേഷണം മരവിപ്പിക്കാന്‍ ഐ.ജി. ലക്ഷ്മണ ഇടപെടുകയും, ക്രൈംബ്രാഞ്ചിലേക്ക് വിട്ട നടപടി റദ്ദാകുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് എഡിജിപി മനോജ് എബ്രഹാം ലക്ഷ്മണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്. ഇക്കാര്യം ഇപ്പോള്‍ തെളിവു സഹിതം വാര്‍ത്താ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

 

കേസില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട്, രണ്ടു ദിവസത്തിനുള്ളില്‍ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. അധികാരപരിധിയില്‍ പെടാത്ത കേസില്‍ ഇടപെടാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ്, നോട്ടീസ് നല്‍കിയിരുന്നത്.

ഇപ്പോള്‍ മോന്‍സണിന്റെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ലക്ഷ്മണയുടെ പേര് ഉയര്‍ന്നുവന്ന സാഹചര്യത്തില്‍, സംസ്ഥാന പൊലീസ് തന്നെയാണ് മുന്‍പ് ലക്ഷ്മണയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു എന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആരോപണ വിധേയനായ ഐ.ജിയുടെ നില കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചാല്‍, സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.