സഹപാഠിയെ വിവാഹം കഴിക്കുന്നതിനോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് മൂലം രാജകീയ പദവിയും കോടികളുടെ സ്വത്തും ഉപേക്ഷിച്ച്‌ രാജകുമാരി. ജപ്പാനിലെ മുന്‍ ഭരണാധികാരി അകിഹിതോയുടെ ചെറുമകളായ മകോ രാജകുമാരിയാണ് തനിക്ക് അര്‍ഹമായിട്ടുള്ള പദവിയും 13.5 ലക്ഷം അമേരിക്കന്‍ ഡോളറും പൊതുജന രോഷത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചത്.

രാജകുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് സാധാരണക്കാരെ വിവാഹം ചെയ്യണമെങ്കില്‍ അവരുടെ രാജകീയ പദവി ഉപേക്ഷിക്കണമെന്നാണ് ജപ്പാന്റെ പാരമ്ബര്യം. തന്റെ സഹപാഠിയായിരുന്ന കെയ് കൊമുറോയെ വിവാഹം ചെയ്യുന്നതിന് വേണ്ടി നേരത്തെ മകോ രാജകുമാരി തന്റെ രാജകീയ പദവി വേണ്ടെന്ന് വച്ചിരുന്നു.

പദവി ഉപേക്ഷിക്കുന്നവര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ജീവിതത്തിനു വേണ്ടി 13.5 ലക്ഷം അമേരിക്കന്‍ ഡോളര്‍ കൊട്ടാരത്തില്‍ നിന്ന് നല്‍കും. എന്നാല്‍, ഇങ്ങനെ ലഭിക്കുമായിരുന്ന തുകയാണ് മകോ രാജകുമാരി ഇപ്പോള്‍ വേണ്ടെന്ന് വെച്ചത്. രാജകുമാരി വിവാഹം ചെയ്യാന്‍ പോകുന്ന കെയ് കൊമുറോ രാജ്യത്ത് ജനസമ്മതനായ വ്യക്തിയല്ല. തുടര്‍ന്ന് കെയ് കൊമുറോയ്ക്ക് പിന്തുണ നല്‍കാന്‍ രാജകുമാരി തീരുമാനിക്കുകയായിരുന്നു. ഇതാണ് തനിക്ക് ലഭിക്കുമായിരുന്ന പണം വേണ്ടെന്ന് വയ്ക്കാനുള്ള മകോ രാജകുമാരിയുടെ തീരുമാനത്തിന് പിന്നില്‍.