കാബൂള്‍: അഫ്ഗാന്‍ ഭരണം പിടിച്ചശേഷമുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഉഭയ കക്ഷിചര്‍കള്‍ ആരംഭിച്ച്‌ താലിബാന്‍. ചൈനയുടേയും കസാഖിസ്താന്റേയും സ്ഥാനപതി മാരുമായിട്ടാണ് ചര്‍ച്ചകള്‍ നടന്നത്. അഫ്ഗാന്‍ നിയുക്ത വിദേശകാര്യമന്ത്രി മാവ്‌ലാവി അമിര്‍ ഖാന്‍ മുത്താഖിയാണ് ഇരുരാജ്യങ്ങളുടേയും നയതന്ത്രപ്രതിനിധികളോട് പ്രശ്‌നപരിഹാരം ചര്‍ച്ചചെയ്തത്.

അഫ്ഗാന്‍ നിയുക്ത വിദേശകാര്യമന്ത്രി മാവ്‌ലാവി അമിര്‍ ഖാന്‍ മുത്താഖി ചൈനയുടെ അഫ്ഗാന്‍ സ്ഥാനപതി വാങ് യൂവുമായും കസാഖ് സ്ഥാനപതി അലിംഖാന്‍ എസന്‍ഗിലുമായും ചര്‍ച്ച നടത്തി. ചൈന മുന്‍കൂട്ടി തീരുമാനിച്ച വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍മുടക്കിനെക്കുറിച്ചും കസാഖിസ്താന്‍ വാണിജ്യമേഖലയിലെ പങ്കാളിത്തത്തെക്കുറിച്ചും പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്.

നിലവില്‍ സാമ്ബത്തിക-വാണിജ്യ-ആരോഗ്യമേഖലയിലെ പ്രതിസന്ധിപരിഹരിക്കാന്‍ ചൈന ഇടപെടാമെന്ന ഉറപ്പാണ് നല്‍കിയിട്ടുള്ളത്. പാകിസ്താനിലൂടെ കടന്നുപോകുന്ന വ്യാപാര ഇടനാഴിയെ അഫ്ഗാനിലേക്ക് നീട്ടാനുള്ള തീരുമാനത്തെ ഇരുരാജ്യങ്ങളും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്‌ട്രതലത്തില്‍ താലിബാനെ അംഗീകരിക്കുന്ന നടപടികള്‍ വൈകുന്നതാണ് ചൈനയുടെ മെല്ലെപോക്കിന് കാരണം.

തുടക്കത്തില്‍ സന്നദ്ധപ്രവര്‍ത്തകരെയാണ് എത്തിക്കുക. ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാനായി മേഖലയിലേക്ക് മരുന്നും വാക്‌സിനടക്കമുള്ളവ എത്തിക്കാനാണ് തീരുമാനം. എത്രയും വേഗം വ്യാപാരരംഗത്ത് പങ്കാളിത്തം ആരംഭിക്കുമെന്നും വാങ് യൂ അറിയിച്ചു.

അഫ്ഗാനിലെ ഗ്രാമീണ മേഖലകളിലേക്കുള്ള സഹായം എത്തിക്കുന്നതില്‍ കസാഖിസ്താനും താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ഒപ്പം സൈനിക പരമായ സഹായവും നല്‍കുമെന്നാണ് സൂചന. വാണിജ്യരംഗത്തും പങ്കാളിത്തം വര്‍ദ്ധിപ്പിച്ചുകൊണ്ട് അഫ്ഗാനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുമെന്ന് അലിംഖാന്‍ വ്യക്തമാക്കി.