രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ ഐഡി കാര്‍ഡുകള്‍ നല്‍കുന്ന ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതിക്ക് തുടക്കമായി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ ഐഡി സംവിധാനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിരല്‍ത്തുമ്ബില്‍ ഏറ്റവും ആധുനികമായ ചികിത്സാസഹായം എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതി.

രാ”ജ്യത്തെ ഡിജിറ്റല്‍ ആരോഗ്യ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കാന്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ സഹായിക്കും. ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് ഒറ്റ ക്ലിക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകും. ഡിജിറ്റല്‍ ആരോഗ്യ സംവിധാനത്തില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പ്രധാന പങ്കു വഹിക്കും. പദ്ധതി പ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ ഐഡി ലഭ്യമാകും. അതേ സമയം എല്ലാ പൗരന്മാരുടെയും ആരോഗ്യം സംബന്ധിച്ച രേഖകള്‍ സുരക്ഷിതമായിരിക്കും”- പ്രധാനമന്ത്രി പറഞ്ഞു.

“പുതിയ സംവിധാനം എത്തുന്നതോടെ മൊബൈല്‍ ആപ് വഴി ആളുകള്‍ക്ക് അവരുടെ ആരോഗ്യ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഇത്തരം വിവരങ്ങള്‍ പരിശോധിക്കാനോ കൈമാറ്റം ചെയ്യാനോ ആളുകളുടെ അനുമതിയും നിര്‍ബന്ധമാണ്. ഇടത്തരക്കാരുടെയും പാവപ്പട്ടവരുടെയും ചികിത്സാരംഗത്തെ പ്രശ്നങ്ങളില്ലാതാക്കാന്‍ പദ്ധതി പ്രധാന പങ്കുവഹിക്കും. രാജ്യത്തെ ആരോഗ്യ മേഖലയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ അതു കൊണ്ടുവരും”- പ്രധാനമന്ത്രി പറഞ്ഞു.

130 കോടി ആധാര്‍ തിരിച്ചറിയല്‍ രേഖകള്‍, 118 കോടി മൊബൈല്‍ ഉപയോക്താക്കള്‍, ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന 80 കോടി പേര്‍, 43 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍- ഇത്രയും വിപുലവും പരസ്പരബന്ധിതവുമായ അടിസ്ഥാന സംവിധാനം ലോകത്ത് മറ്റെവിടെയുമാണ്ടാവില്ല. ഇത്രയും ബൃഹത്തായ ഡിജിറ്റല്‍ സംവിധാനം -റേഷന്‍ മുതല്‍ ഭരണസംവിധാനം വരെ- ഓരോ ഇന്ത്യക്കാരനും സുതാര്യമായി ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്ബ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തില്‍ ആയുഷ്മാന്‍ ഭാരത് യോജന നടപ്പാക്കി. അതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ തുടങ്ങാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും രോഗം സുഖപ്പെടുത്തുക എന്നതില്‍ മാത്രമല്ല, രോഗം വരാതെ തടയുക എന്നത് കൂടി കണക്കിലെടുക്കുന്ന ആരോഗ്യ മാതൃകയിലാണ് ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.