രാജ്യത്ത് ആശ്വാസവാര്‍ത്ത പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് സംഭവങ്ങളില്‍ 70% കുറവ് രേഖപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009-ല്‍ 2258 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 665 ആയി കുറഞ്ഞു. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷ വെല്ലുവിളികളാണ് പ്രധാനമായും ദില്ലിയിലെ ചര്‍ച്ചയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ മധ്യപ്രദേശ്, തെലങ്കാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ബീഹാര്‍, ഒഡീഷ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേരളം, പശ്ചിമബംഗാള്‍, ഛത്തീസ് ഗഡ്, ആന്ധ്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സുരക്ഷ സംവിധാനങ്ങള്‍ കൂട്ടാന്‍ കേന്ദ്ര സഹായം വര്‍ധിപ്പിക്കുമെന്ന് യോഗത്തില്‍ അമിത് ഷാ അറിയിക്കുകയുമുണ്ടായി.

കൂടാതെ ഡിജിപിമാരും കേന്ദ്ര ഏജന്‍സികളുമായി മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇതില്‍ ചര്‍ച്ച നടത്തണമെന്ന് ചീഫ് സെക്രട്ടറിമാരോട് നിര്‍ദ്ദേശിക്കുകയുണ്ടായി. 40 വര്‍ഷമായി പൗരന്മാരുടെ ജീവന്‍ അപഹരിച്ച സംഘര്‍ഷം അവസാനത്തോടടുക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിക്കുന്ന പ്രത്യേക സംഘങ്ങളുടെ ആധുനികവല്‍ക്കരണം അടക്കമുള്ള നടപടികളും ചര്‍ച്ചയാകുന്നതാണ്. നക്സല്‍ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനമാണ് രണ്ടാംഘട്ട അജണ്ട എന്നത്. നിലവില്‍ 45 ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപകമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണ്ടെത്തലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ മാവോയിസ്റ്റ് സാന്നിധ്യം രേഖപ്പെടുത്തിയ കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ കൂടുതല്‍ സുരക്ഷവര്‍ധിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.