അന്താരാഷ്‌ട്ര ടൂറിസം ദിനത്തില്‍ കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് സൗകര്യമൊരുക്കിയതിന് കേരള സര്‍ക്കാരിനും ടൂറിസം മന്ത്രിക്കും നന്ദി പറഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ലോകത്തെങ്ങും കാണാന്‍ കിട്ടാത്ത കാഴ്ചകള്‍ ഒരുക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പരിഹസിക്കുന്നു.

കേരളത്തിന്‍റെ തനത് കലാരൂപമായ ഹര്‍ത്താലിനെ എല്ലാ തനിമകളോടും കൂടി കാണാന്‍ അവസരം ഒരുക്കിയതിന് വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികള്‍ കേരളാ സര്‍ക്കാരിന് നന്ദി പറഞ്ഞ് തെരുവില്‍ ആടിപ്പാടുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈരളി ചാനല്‍ പുറത്തു വിട്ടുവെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പരിഹസിക്കുന്നു. ഇത്രയധികം സാമൂഹ്യ പ്രതിബദ്ധതയുള്ള ദീര്‍ഘ ദര്‍ശിത്വമുള്ള നേതാക്കന്‍മാരെ ഭരണാധികാരികളായി കിട്ടിയതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാമെന്നും സന്ദീപ് വാചസ്പതി പരിസാഹരൂപേണ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കേരളാ സര്‍ക്കാരും സിപിഎമ്മും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഒരു അഭിനന്ദനം അര്‍ഹിക്കുന്നു. അത് പറയാതിരിക്കാന്‍ സാധ്യമല്ല. അന്താരാഷ്ട്ര ടൂറിസം ദിനമായ ഇന്ന് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. കാരണം ലോകത്തെങ്ങും കാണാന്‍ കിട്ടാത്ത കാഴ്ചകള്‍ ഒരുക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇവരെ സ്വീകരിക്കുന്നത്. കേരളത്തിന്‍റെ തനത് കലാരൂപമായ ഹര്‍ത്താലിനെ എല്ലാ തനിമകളോടും കൂടി കാണാന്‍ അവസരം ഒരുക്കിയതിന് വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികള്‍ കേരളാ സര്‍ക്കാരിന് നന്ദി പറഞ്ഞ് തെരുവില്‍ ആടിപ്പാടുന്നതിന്‍റെ ദൃശ്യങ്ങള്‍ കൈരളി ചാനല്‍ പുറത്തു വിട്ടു. നന്ദി പിണറായി വിജയന്‍, നന്ദി സിപിഎം, നന്ദി മുഹമ്മദ് റിയാസ്. കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ജനങ്ങളെ, പ്രത്യേകിച്ച്‌ ഹോട്ടല്‍ മേഖലയെ ഇങ്ങനെ കൈയ്യയച്ച്‌ സഹായിക്കുന്നതില്‍ വരും തലമുറകള്‍ പോലും നിങ്ങളോട് കടപ്പെട്ടിരിക്കും. ഇത്രയധികം സാമൂഹ്യ പ്രതിബദ്ധതയുള്ള ദീര്‍ഘ ദര്‍ശിത്വമുള്ള നേതാക്കന്‍മാരെ ഭരണാധികാരികളായി കിട്ടിയതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം. മോഹന്‍ലാലിനെയും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയേയുമൊക്കെ ടൂറിസം ദിനത്തില്‍ മന്ത്രി നേരിട്ട് കണ്ട് അഭിപ്രായങ്ങള്‍ ആരാഞ്ഞില്ലേ? അതൊക്കെ ചാനലുകളിലും ഫേസ് ബുക്ക് പേജുകളിലും നിറഞ്ഞാടിയില്ലേ? ഇതൊക്കെയല്ലേ ഒരു ടൂറിസം മന്ത്രി ചെയ്യേണ്ടത്. അല്ലാതെ വിദേശികള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് മുതലാളിത്തത്തെ താലോലിക്കുന്ന പണിയാണ്. അത് ചെയ്യാന്‍ വേറെ ആളെ നോക്കണം.
‘കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍.’ എന്നെഴുതിയ മഹാകവി പാലാനാരായണന്‍ നായര്‍ പോലും നാണിച്ചു പോകട്ടെ.
സഹ്യനും കടന്ന് കേരളപ്പെരുമ പരക്കട്ടെ, പടരട്ടെ, പന്തലിക്കട്ടെ….. ഒരിക്കല്‍ കൂടി നന്ദി