പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. മോന്‍സന്‍ മാവുങ്കലിന്റെ ഡല്‍ഹിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലെ തടസങ്ങള്‍ നീക്കാന്‍ കെ സുധാകരന്‍ ഇടപെട്ടിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. മോന്‍സനെതിരെ രംഗത്തെത്തിയ യാക്കൂബ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കെ സുധാകരനെതിരെയും മറ്റ് നിരവധി രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ ഉന്നതര്‍ക്ക് എതിരെയും വെളിപ്പെടുത്തുലുള്ളത്.

പരാതിയില്‍ കെ സുരേന്ദ്രന് എതിരായ പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്. ‘കെ.സുധാകരന്‍ എം.പി നിരവധി തവണ ടിയാന്റെ വീട്ടില്‍ വന്നു നില്‍ക്കാറുണ്ട്. പത്ത് ദിവസം ടിയാന്റെ വീട്ടില്‍ സുധാകരന്‍ താമസിച്ചതായും കോസ്മറ്റോളജിസ്റ്റായ ടിയാന്റെ ചികിത്സയില്‍ ആയിരുന്ന സുധാകരന്‍ ആ സമയങ്ങളിലൊന്നും ഡല്‍ഹിയിലെ ടിയാന്റെ വിഷയത്തില്‍ വന്ന പല തടസങ്ങളും സുധാകരന്‍ എം.പി നീക്കി നല്‍കിയെന്നും മോന്‍സന്‍ സുധാകരനുമൊത്തുള്ള ചര്‍ച്ചയില്‍ ഞങ്ങളോട് പറഞ്ഞിരുന്നു.’

2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാന്‍ പാര്‍ലമെന്‍റ് അക്കൗണ്ട്‍സ് കമ്മിറ്റിയെ ഇടപെടുത്താം. ദില്ലിയിലെ വിഷയങ്ങള്‍ പരിഹരിക്കാമെന്ന് സുധാകരന്‍ വാഗ്ദാനം നല്‍കിയെന്നും പരാതിക്കാരനായ അനൂപ് പറഞ്ഞു. പണം വിട്ടുകിടുന്നതിനുള്ള ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്‍റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.

കെ സുധാകരന് പുറമെ എറണാകുളം എംപി ഹൈബി ഈഡന്‍, ഐജി ശ്രീലേഖ, കെപിസിസി മുന്‍ വൈസ് പ്രസിഡന്റ് ലാലി വില്‍സണ്‍, മുന്‍ മന്ത്രി, മോന്‍സ് ജോസഫ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയ ഉന്നതരെല്ലാം വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ ഫോട്ടോസ് മോന്‍സണ്‍ കാണിച്ചിരുന്നു. തങ്ങളെ മൂന്നിലിരുത്തി ഇവരെയെല്ലാം വിളിച്ചു പുരാവസ്തു ബിസിനസിനെക്കുറിച്ചും ഡല്‍ഹിയിലെ ഫെമയിലെ വിഷയങ്ങളെ കുറിച്ചും സംസാരിച്ചിരുന്നു. നിരവധി തവണ തങ്ങളുടെ മുന്നില്‍ വച്ച്‌ എം എ യൂസഫലിയെയും ബന്ധപ്പെട്ടിരുന്നു എന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരായി അന്വേഷണങ്ങള്‍ നേരത്തെ അട്ടിമറിക്കപ്പെട്ടതായും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പൊലീസിലെ അടുപ്പം ഉപയോഗപ്പെടുത്തിയാണ് അന്വേഷണം മോന്‍സണ്‍ അട്ടിമറിച്ചതെന്നാണ് റിപ്പോര്‍ട്ട്. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍.

മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് അന്വേഷണം അട്ടിമറിച്ചത് ഐജി ലക്ഷമണയാണ് എന്നാണ് മറ്റൊരു ആക്ഷേപം. മോന്‍സണെതിരെ ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണം സിഐക്ക് കൈമാറിയത് ഐജി ലക്ഷമണയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. സോഷ്യല്‍ പൊലീസിന്റെ ചുമതലയുള്ള ഐജി ലക്ഷമണ ഇല്ലാത്ത അധികാരം വച്ചാണ് അന്വേഷണം മാറ്റി നല്‍കികൊണ്ടുള്ള ഉത്തരവ് ഇറക്കിയത് എന്നുമാണ് റിപ്പോര്‍ട്ട്. ഈ ഇടപെടലിന് പിന്നാലെയാണ് പരാതിക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതും വിഷയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ എത്തിയതും.

മോന്‍സനെതിരെ പരാതി നല്‍കിയ യാക്കൂബ് എന്നയാള്‍ പണം കൈമാറിയ വിവരം പോലും ഉന്നതര്‍ക്ക് അറിയാമായിരുന്നു എന്ന തരത്തിലും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. യാക്കൂബ് മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയത് മുന്‍ ഡിഐജി സുരേന്ദ്രന്റെ വീട്ടില്‍ വച്ചായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉന്നതരുമായുള്ള അടുപ്പം കോടികളുടെ തട്ടിപ്പ് മറയ്ക്കാനുള്ള വഴിയായാണ് മോന്‍സണ്‍ ഉപയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള പൊലീസിലെയും, രാഷ്ട്രീയ, സിനിമ മേഖലകളിലെയും നിരവധി പേരുമായും മോന്‍സണ്‍ ജോസഫ് അടുപ്പം പുലര്‍ത്തിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ ഘട്ടങ്ങളിലായി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴും മോന്‍സണ്‍ മാവുങ്കലിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്‍സന് അടുത്ത ബന്ധം ഉണ്ടെന്നു ആക്ഷേപമുണ്ട്. മോന്‍സനായി ഐജി ലക്ഷമണ ഇടപെട്ടതിന്റെ രേഖകളും പുറത്ത് വന്നു. ആലപ്പുഴയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരേ പലവട്ടം പലരും പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

‘ഡിഐജി സുരേന്ദ്രന്റെ വാഹനം ഞങ്ങള്‍ ടിയാന്റെ വീട്ടില്‍ പോകുമ്ബോള്‍ മിക്കദിവസങ്ങളിലും കാണാറുണ്ട്. ചിലപ്പോള്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വാഹനം ടിയാന്റെ വീട്ടില്‍ നിറുത്തിയിടാറുണ്ട്.’ എന്നും പരാതിയില്‍ പരാമര്‍ശമുണ്ട്.

അതിനിടെ, ഇന്നലെ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടികളുമായി മുന്നോട്ട് പോവുകയാണ് ക്രൈംബ്രാഞ്ച്. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളുമായി അന്വേഷണ സംഘം മുന്നോട്ട് പോവും. ഇതിന് പിന്നാലെ മോന്‍സനെതിരെ മറ്റൊരു കേസ് കൂടി രജീസ്റ്റര്‍ ചെയ്തു. പാലാ സ്വദേശി രാജീവ് ശ്രീധരന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം.