രോഹിണി കോടതിയില്‍ ഗൂണ്ട തലവന്‍ ജിതേന്ദര്‍ ഗോഗിയെ കൊലപ്പെടുത്താന്‍ മൂന്നു വാടക കൊലയാളികള്‍ എത്തിയിരുന്നെന്നു പൊലീസ്. ഒളിവിലുള്ള മൂന്നാമനായി തെരച്ചില്‍ നടക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉമങ്ക് യാദവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്ന് അക്രമികള്‍ കോടതിയിലെത്തിയിരുന്നു എന്ന വിവരം ലഭിച്ചത്. എന്നാല്‍ അഭിഭാഷകന്റെ വേഷം കൃത്യമായി ധരിക്കാത്തതിനാല്‍ മൂന്നാമന്‍ കോടതിക്ക് അകത്തു കയറിയിരുന്നില്ല. ഗോഗിയെ വധിച്ച ശേഷം കോടതിയില്‍ കീഴടങ്ങാന്‍ ആയിരുന്നു പദ്ധതിയെന്നും ഉമങ്ക് പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ പൊലീസ് വെടിവയ്പില്‍ രണ്ട് അക്രമികളും കൊല്ലപ്പെട്ടതോടെ പുറത്തു കാത്തു നിന്നിരുന്ന ഉമങ്കയടക്കമുള്ള മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു.

മണ്ഡോലി ജയിലില്‍ നിന്ന് ഫോണിലൂടെ ടില്ലു താജ്പുരിയ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഉമങ്ക് പൊലീസിനോട് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ക്കായി ടില്ലുവിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസമാണ് രോഹിണി കോടതിയില്‍ രാജ്യത്തെ നടുക്കിയ വെടിവയ്പ് നടന്നത്. അഭിഭാഷക വേഷത്തിലെത്തിയ കൊലയാളികള്‍ ഗോഗിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഗോഗിയും ടില്ലുവും തമ്മിലുള്ള പഴയകാല പകയാണ് കൊലയിലെത്തിച്ചത്. കൊലയാളികളെ പൊലീസ് സംഭവ സ്ഥലത്തുവച്ചു തന്നെ വെടിവച്ചിട്ടിരുന്നു.