കോൺഗ്രസിൽ ഓരോ ദിവസവും പ്രതിസന്ധികളാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സ്ഥാനങ്ങൾ നേതാക്കൾക്കായി വിഭജിക്കുന്നത് തുടരുകയാണ്. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരൻ അസംതൃപ്തനാണെന്നും പ്രതികരണം ഒറ്റപ്പെട്ടതല്ലെന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു .

അതേസമയം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ടിരിക്കുകയാണ് നേതൃത്വം. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍ ഇപ്പോഴും.

 

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി. കെപിസിസി നേതൃത്വത്തിന്‍റെ നീക്കങ്ങള്‍ എല്ലാം തള്ളി രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് സുധീരന്‍. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കണ്ടെങ്കിലും പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്. എന്നാലും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്‍റെ നീക്കം.\