കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ട് നേതൃത്വം. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍.

പുതിയ നേതൃത്വം സുവർണ്ണാവസരം കളഞ്ഞുകുളിച്ചുവെന്ന വിമർശനം സുധീരൻ സതീശനെ അറിയിച്ചതല്ലാതെ തന്‍റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചയാണ് അദ്ദേഹം നല്‍കിയത്. എന്നാലും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്‍റെ നീക്കം.

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല വി എം സുധീരന് അതൃപ്തിയുള്ളത്. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് കടുത്ത അതൃപ്തിയുണ്ട് . കെസി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. ഹൈക്കമാൻഡിനെ നേരിട്ട് വിമർശിക്കാതെ വേണുഗോപാലുമായി നല്ല ബന്ധം പുലർത്തുന്ന സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് വി എം സുധീരന്‍.