സുധീരൻ്റെ രാജി പിന്‍വലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എംപി സോണിയാ ഗാന്ധിക്ക് കത്തയച്ചു. സുധീരൻ പൊതുസമൂഹത്തിൻ്റെ ശബ്ദമാണെന്നും അദ്ദേഹത്തിന്‍റെ രാജി തെറ്റായ സന്ദേശം പകരുമെന്നും പ്രതാപൻ കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതിരിക്കുകയാണ് വി.എം.സുധീരൻ. സംഘടനാകാര്യങ്ങളില്‍ ചില വീഴ്ചകള്‍ നേതൃത്വത്തിന് സംഭവിച്ചുവെന്നും അവ തിരുത്തി മുന്നോട്ട് പോകുമെന്നും സുധീരനുമായുളള കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. എന്നാല്‍, കൂടിയാലോചനകള്‍ നടക്കാറില്ലെന്ന സുധീരന്‍റെ നിലപാട് തളളുന്നതായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രതികരണം.

നേതൃത്വത്തിന്‍റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെയാണ് വി എം സുധീരന്‍റെ പ്രതിഷേധം. അനുനയ നീക്കങ്ങളോടും സുധീരന്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നേരില്‍ക്കണ്ട് ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് വി എം സുധീരന്‍ തയ്യാറായില്ല. എടുത്ത തീരുമാനത്തിൽ നിന്നും സുധീരനെ പിൻതിരിപ്പിക്കുക സാധ്യമല്ലെന്ന് വി ഡി സതീശന്‍. ചില കാര്യങ്ങളില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും സതീശന്‍റെ കുറ്റസമ്മതം.

എന്നാല്‍, വി എം സുധീരനെയും വി ഡി സതീശനെയും ഒരുപോലെ തളളുന്നതായിരുന്നു കെപിസിസി അധ്യക്ഷന്‍റെ നിലപാട്. തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു. വി എം സുധീരന്‍റെ പരാതി പരിഹരിക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.