അമേരിക്കൻ പര്യടനത്തിനായി ചെലവഴിച്ച 65 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 20 കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ട്. അമേരിക്കയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും വിമാനത്തിൽ വെച്ച് നാല് നീണ്ട കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. സർക്കാരുമായി ബന്ധപ്പെട്ട ഉന്നത തല വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കൻ സന്ദർശനത്തിനായി ലഭിച്ച സമയം ഫലപ്രദമായി ഉപയോഗിക്കുമെന്നും രാജ്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഈ സമയം ഉത്പാദനക്ഷമമായി ഉപയോഗിച്ചതായി സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രധാനമന്ത്രിയുടെ യുഎസ് പര്യടനം ആരംഭിച്ചത്. സെപ്റ്റംബർ 22ന് അമേരിക്കയിലേക്ക് പോകുമ്പോൾ വിദേശകാര്യ വിദഗ്ധരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. വിമാനത്തിനുള്ളിൽ വെച്ച് തന്നെ ഇത്തരത്തിൽ രണ്ട് മീറ്റിംഗുകളാണ് നടന്നത്. വാഷിംഗ്ടൺ ഡിസിയിൽ വിമാനമിറങ്ങിയതിന് പിന്നാലെ ഹോട്ടലിൽ വെച്ച് മൂന്ന് കൂടിക്കാഴ്ചകൾ നടന്നു.

സെപ്റ്റംബർ 23 ന് ആഗോള കമ്പനികളുടെ സിഇഒമാരുമായി അഞ്ച് കൂടിക്കാഴ്ചകളാണ് മോദി നടത്തിയത്. അതിന് ശേഷം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗാ എന്നിവരുമായും അദ്ദേഹം മീറ്റിംഗ് നടത്തി. ഇത് വിലയിരുത്തുന്നതിനായി നരേന്ദ്ര മോദി തന്റെ സംഘത്തോടൊപ്പം മൂന്ന് ആഭ്യന്തര കൂടിക്കാഴ്ചകളും നടത്തിയിരുന്നു.

സെപ്റ്റംബർ 24 ന് നാല് ആഭ്യന്തര മീറ്റിംഗുകളാണ് മോദി നടത്തിയത്. തുടർന്ന് ജോ ബൈഡനുമായും കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 25 ന് യുഎൻ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. ഡൽഹിയിലേക്കുള്ള വിമാനത്തിൽ അമേരിക്കൻ പര്യടനം വിലയിരുത്തുന്നതിനായി തന്റെ ടീമിനൊപ്പം രണ്ട് നീണ്ട കൂടിക്കാഴ്ചകൾ കൂടി മോദി നടത്തിയിരുന്നു. രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ പുരാവസ്തു ശേഖരം പര്യടനത്തിനിടെ അമേരിക്ക മോദിക്ക് സമ്മാനിച്ചിരുന്നു.