ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം’ഗുലാബ്’ ചുഴലിക്കാറ്റായി ശനിയാഴ്ച ശക്തി പ്രാപിച്ചതിനെ തുടർന്ന് വടക്കൻ ആന്ധ്രയിലും തെക്കൻ ഒഡീഷ തീരങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാകിസ്താൻ നാമകരണം ചെയ്ത ‘ഗുലാബ്’ ചുഴലിക്കാറ്റ്, ഒഡീഷയിലെ ഗോപാൽപൂരിൽ നിന്ന് കിഴക്ക്-തെക്കുകിഴക്കായി 370 കിലോമീറ്ററും ആന്ധ്രയിലെ കലിംഗപട്ടണത്തിൽ നിന്ന് 440 കി.മീ കിഴക്കുമായി കേന്ദ്രീകരിച്ചിരിക്കുന്നു.

കഴിഞ്ഞ ആറ് മണിക്കൂറിൽ ഇത് ഏകദേശം 7 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാൾ ഇപ്പോൾ സഞ്ചാരപഥത്തിൽ ഇല്ല. മ്യാൻമാർ തീരത്തിന് സമീപം ഒരു പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ കാരണമാകുമെന്നും പ്രവചിച്ചിട്ടുണ്ട്. കേരളത്തിൽ പക്ഷേ ഭീഷണികൾ ഇല്ലെങ്കിലും അടുത്ത ദിനങ്ങളിൽ തിരുവനന്തപുരമുൾപ്പടെയുള്ള സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാദ്ധ്യതയുണ്ട്. ഇന്ന് വൈകിട്ടോടെ കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്.

പടിഞ്ഞാറോട്ട് നീങ്ങാനും കലിംഗപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡീഷ തീരങ്ങൾ കടക്കാനും സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃതുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഈ പ്രദേശങ്ങളിൽ ഇപ്പോൾ കനത്ത മഴ തുടങ്ങി. തെക്കൻ ഒഡീഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ ആഞ്ഞടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റായ ഗുലാബ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഗഞ്ചം ജില്ലയിൽ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്്.

ജില്ലയിലെ ദുർബല പ്രദേശങ്ങളിൽ ആളുകളെ മാറ്റുന്നതിനും കുടിവെള്ള വിതരണത്തിനും മറ്റ് അവശ്യസേവനങ്ങൾക്കും സർക്കാർ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്ന് ഗഞ്ചം കളക്ടർ വിജയ് അമൃത കുലാംഗെ പറഞ്ഞു. കനത്ത മഴയ്‌ക്കും ചെറിയ കാറ്റിനും സാധ്യതയുള്ളതിനാൽ നാളെയും മറ്റന്നാളും തുടങ്ങി ജില്ലയിലെ ബീച്ചുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.