പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ദാരാംഗ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ മരിക്കുകയും 15 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .

ധോൽപൂർ ഗോരുഖുട്ടി പ്രദേശത്ത് കുടിയൊഴിപ്പിക്കലിനെതിരെ ഉണ്ടായ അക്രമത്തിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് സർക്കാരിന് തെളിവുകൾ ലഭിച്ചതായും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ധിംഗ്, രൂപോഹിഹത്ത്, ലാഹോരിഘട്ട് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ തികഞ്ഞ ആസൂത്രണത്തോടെ സിഫാജർ, ലുംഡിംഗ്, ബാർചല്ല എന്നിവിടങ്ങളിൽ ഭൂമി കയ്യേറ്റം നടത്തുന്നു. ഇത് അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്നുണ്ട്. ഇതോടെ പ്രദേശത്തെ ജനസംഖ്യ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.ധിംഗ്, രൂപോഹിഹത്ത്, ലാഹോരിഘട്ട് എന്നിവയാണ് അസമിൽ മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങൾ.

“കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു പ്രത്യേക സംഘം 28 ലക്ഷം രൂപ ജനങ്ങളിൽ നിന്ന് ശേഖരിച്ചതിന് സംസ്ഥാന സർക്കാരിന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടുണ്ട് , കുടിയൊഴിപ്പിക്കലിനെ പ്രതിരോധിക്കാൻ കഴിയാതെ വന്നപ്പോൾ , അവർ ആളുകളെ അണിനിരത്തി നാശം സൃഷ്ടിച്ചു, സംഭവദിവസത്തിന് മുമ്പ്, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകാനെന്ന പേരിൽ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലം സന്ദർശിച്ചു . ചില ആളുകൾ ഇതിൽ ഉൾപ്പെട്ടതിന്റെ തെളിവുകൾ പുറത്തുവരുന്നുണ്ട് . അവരെ അന്വേഷണത്തിന് വിധേയമാക്കും. 60 കുടുംബങ്ങളാണ് അവിടെ ഉണ്ടായിരുന്നത് . അപ്പോൾ എങ്ങനെയാണ് 10,000 ആളുകൾ അവിടെ എത്തിയത്? ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.

അതുകൊണ്ട് തന്നെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ സമ്പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടും . സംസ്ഥാന സർക്കാർ ഇതിനകം ചില റിപ്പോർട്ടുകൾ കേന്ദ്ര സർക്കാരിന് അയച്ചതായും അദ്ദേഹം പറഞ്ഞു.