ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് റണ്‍സിന്‍റെ ജയം. 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന്‍റെ ആവേശം 20 ഓവറില്‍ ഏഴ് വിക്കറ്റിന് 120 റണ്‍സെന്ന നിലയില്‍ അവസാനിച്ചു.

ജെയ്‌സൺ ഹോൾഡറിന് അവസാന ഓവറിൽ വേണ്ടിയിരുന്ന 17 റൺസിൽ 11 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. അവസാന ഓവർ എറിഞ്ഞ എല്ലിസിന്റെ പിഴക്കാത്ത ബൗളിങിന് മുന്നിൽ ഹോൾഡറിന് തോൽവി വഴങ്ങേണ്ടി വന്നു. സ്‌കോർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ്.

വിജയലക്ഷ്യത്തിലേത്ത് ബാറ്റ് വീശിയ ഹൈദരാബാദിന് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വാർണറിന്റെ വിക്കറ്റ് നഷ്ടമായി. ഷമിയാണ് വാർണറിന്റെ വിക്കറ്റ് വീഴ്ത്തിയത്. നായകൻ കെയിൻ വില്യംസണും സ്‌കോർ 10 നിൽക്കുമ്പോൾ ഷമിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി.

ഇന്ത്യൻ സ്പിന്നർ രവി ബിഷ്‌ണോയ് യുടെ തേരോട്ടമായിരുന്നു പിന്നീട് . മനീഷ് പാണ്ഡെ (13), കേദാർ ജാദവ് (12), അബ്ദുൾ സമദ് (1) എന്നിവരുടെ വിക്കറ്റ് ബിഷ്‌ണോയി വീഴ്ത്തി. വാർണർക്ക് ഒപ്പം ഓപ്പണിങ് ഇറങ്ങിയ വൃദ്ധിമാൻ സാഹയ്‌ക്കൊപ്പം ഹോൾഡർ കൂടി ചേർന്നതോടെ ഹൈദരാബാദ് രണ്ടാം വിജയം സ്വപ്‌നം കണ്ടിരുന്നെങ്കിലും ഓട്ടത്തിനിടയിൽ പറ്റിയ പിഴവിലൂടെ സാഹ റണൗട്ടായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.പിന്നീട് വന്ന റാഷിദ് ഖാന്റെ വിക്കറ്റ് അർഷദീപ് സിഗും വീഴ്ത്തി.

പഞ്ചാബ് ബാറ്റിംഗ് നിരയിൽ ആർക്കും തിളങ്ങാനായില്ല. 27 റൺസെടുത്ത ആദം മാർക്രമാണ് പഞ്ചാബിൻറെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ കെ.എൽ രാഹുൽ 21 റൺസെടുത്ത് പുറത്തായി . പഞ്ചാബിന് വേണ്ടി രവി ബിഷ്‌ണോയ് 3 വിക്കറ്റും മുഹമ്മദ് ഷമി 2 വിക്കറ്റും അർഷദീപ് സിങ് 1 ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ജെയ്‌സൺ ഹോൾഡറിന്റെ ബൗളിങ് മികവിലാണ് പഞ്ചാബ് ഇന്നിംഗ്‌സ് ഹൈദരാബാദ് 125 റൺസിലൊതുക്കിയത്.

സ്‌കോർ 100 കടക്കും മുമ്പേ പഞ്ചാബിൻറെ പ്രധാനപ്പെട്ട ബാറ്റ്‌സ്മാൻമാരെല്ലാം നഷ്ടമായി . ജെയ്‌സൺ ഹോൾഡറാണ് മൂന്ന് വിക്കറ്റ് നേടി പഞ്ചാബ് ബൗളിംങ് നിരയെ മുന്നിൽ നിന്ന് നയിച്ചത്. കെ.എൽ രാഹുലിൻറേയും മായങ്ക് അഗർവാളിൻറേയും ദീപക് ഹൂഡയുടേയും വിക്കറ്റുകളാണ് ഹോൾഡർ നേടിയത്.