ഓണക്കിറ്റിനായി സപ്ലൈകോ ഏലയ്ക്കാ വാങ്ങിയതിലെ ക്രമക്കേടിന്റെ രേഖകള്‍ പുറത്ത്. വിപണി വിലയേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് സപ്ലൈകോ ഏലയ്ക്കാ സംഭരിച്ചത്. കിലോയ്ക്ക് 1072 രൂപ വിപണിവിലയുള്ളപ്പോള്‍ 1700 രൂപയ്ക്കായിരുന്നു സംഭരണം. ഇതിലടെ സപ്ലൈകോയ്ക്ക് നഷ്ടപ്പെട്ടത് 10 കോടിയിലധികം രൂപയാണ്.

ഓണക്കിറ്റ് നല്‍കാനായി സപ്ലൈകോ ഏലയ്ക്കാ സംഭരിച്ചതിലെ ക്രമക്കേടാണ് പുറത്തുവരുന്നത്്. ഒരു കിറ്റില്‍ 20 ഗ്രാമിന്റെ പായ്ക്കറ്റ് എന്ന രീതിയിലാണ് സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങിയത്. ഡിപ്പോകളാണ് മൂന്നു സ്വകാര്യ ഏജന്‍സികളില്‍ നിന്നായി ഏലയ്ക്കാ സംഭരിച്ചത്. ഇതിന് 34.01 രൂപ നല്‍കിയതായി ഡിപ്പോകളിലെ രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു കിലോ ഏലയ്ക്കാ സംഭരിച്ചത് 1700 രൂപ നിരക്കില്‍. എന്നാല്‍ ഈ സമയം വിപണി വില 1072 മാത്രമായിരുന്നു. അതായത് 20 ഗ്രാമിന് 21.44 രൂപയായിരുന്നു വിപണി വിലയെന്ന് സ്പൈസസ് ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം റീജിയണല്‍ മാത്രമായി എട്ട് ക്വിന്റലോളം ഏലയ്ക്കാ വാങ്ങിയിട്ടുണ്ട്. 85 ലക്ഷം കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാനായി സപ്ലൈകോ വാങ്ങിയത് 1.70 ലക്ഷം കിലോ ഏലയ്ക്കായാണ്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്കാ വാങ്ങിയതിലൂടെയുള്ള നഷ്ടം മാത്രം 10 കോടിയിലധികം രൂപയാണ്. ഡിപ്പോകളിലേയും റീജിയണല്‍ ഓഫിസിലേയും ഉന്നത ഉദ്യോഗസ്ഥരാണ് ഉയര്‍ന്ന വിലയ്ക്ക് ഏലയ്ക്കാ വാങ്ങാന്‍ തീരുമാനമെടുത്തത്.