സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകനയോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 3.30നാണ് യോഗം ചേരുക.

കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നതോടെ പാസഞ്ചര്‍ ട്രെയിനുകളും സീസണ്‍ ടിക്കറ്റ് സംവിധാനവും പുനരാരംഭിക്കാന്‍ റെയില്‍വേക്ക് സംസ്ഥാന സര്‍ക്കാറിന്‍്റെ അനുമതി ആവശ്യമുണ്ട്.ഇത് അനുവദിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ കൊവിഡ് അവലോകന യോഗത്തിലും നിയന്ത്രണങ്ങള്‍ തുടരാനായിരുന്നു തീരുമാനം.

സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.